ബെംഗളൂരു: അങ്കോള-ഷിരൂര്‍ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെ ദൗത്യം ആരംഭിക്കാനാണ് ശ്രമം. രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും.
പുഴയിലേക്ക് രണ്ട് ഘട്ടങ്ങളിലായി മുങ്ങൽ വിദഗ്‌ദ്ധർ ഇറങ്ങും. ആദ്യ സംഘം ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് പരിശോധിക്കും. രണ്ടാം സംഘം പുഴയിലി റങ്ങി ട്രക്കിൽ കൊളുത്തുകൾ ഘടിപ്പിക്കും. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും നിർണയിക്കും. അതിന് ശേഷമായിരിക്കും ദൗത്യസംഘം പുഴയിലിറങ്ങുക. ദൗത്യത്തിന് അടിയൊഴുക്ക് കനത്ത വെല്ലുവിളീ സൃഷ്ടിക്കുന്നുണ്ട്. കുത്തൊഴുക്ക് ക്രമീകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അവശനായെങ്കിലും അര്‍ജുനെ ലഭിക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് കേരളമൊന്നാകെ.
നേവിയുടെ ഡീപ് ഡൈവേഴ്‌സ് ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങളാലുള്ള തെരച്ചിലിലാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടില്‍ ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ട്രക്ക് അര്‍ജുന്റെത് തന്നെയെന്ന് ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചിരുന്നു.
ട്രക്ക് കണ്ടെത്തിയതോടെ നാവിക സേന അതിശക്തമായ മഴയെ അവഗണിച്ച് നദിയിലേക്കു പോയെങ്കിലും തെരച്ചില്‍ നടത്താതെ മടങ്ങുകയായിരുന്നു.
മൂന്നു ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ പ്രത്യേക സംഘത്തില്‍. ട്രക്ക് വെള്ളത്തിനടിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ലോക്ക് ചെയ്ത ശേഷം രാത്രി തന്നെ ട്രക്ക് ഉയര്‍ത്തല്‍ തുടരും. വാഹനം കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തി. ബൂം എസ്‌കലേറ്ററില്‍ ലോറി കരയ്‌ക്കെത്തിക്കാനും ശ്രമിക്കും.
,
പ്രതികരിക്കാൻ ഇവിടെ എഴുതുക: