പത്തനംതിട്ട: കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ദുഃഖ സ്മരണയായ ചന്ദനത്തോപ്പ് പോലീസ് വെടിവയ്‌പ്പിനു നാളെ 66 വര്‍ഷം. രണ്ട് കശുവണ്ടി തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയ വെടിവയ്‌പ്പിന് ഉത്തരവിട്ടത് ആരാണെന്ന് ഇന്നും ആര്‍ക്കും അറിയില്ലെന്നാണ് അതില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥനായ തോമസ് കുഞ്ഞുകുഞ്ഞ് പറയുന്നത്. രാമന്‍, സുലൈമാന്‍ എന്നീ തൊഴിലാളികളാണ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്.
കുളനട തറയില്‍ ജോസ് ഭവനില്‍ തോമസ് കുഞ്ഞൂഞ്ഞിന് പ്രായം 95. പക്ഷെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തില്‍ നടന്ന കിരാത സംഭവം അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. 1958 ജൂലൈ 26 ശനിയാഴ്ച വൈകിട്ട് 4.30ന് കൊല്ലം ചന്ദനത്തോപ്പില്‍ ഗണേഷ് നായിക്കിന്റെ ഹിന്ദുസ്ഥാന്‍ ക്യാഷ്യൂ ഫാക്ടറിക്കു മുന്നില്‍ തടിച്ചുകൂടിയ തൊഴിലാളികളെ പിരിച്ചുവിടാനായിരുന്നു വെടിവയ്‌പ്പ്. മുഴുപ്പട്ടിണിക്കാരായ കശുവണ്ടി തൊഴിലാളികള്‍ക്ക് നാമമാത്ര തുക പോലും വേതനമായി നല്കാത്തതിനും വനിതകള്‍ക്ക് പ്രസവാവധിയും ശമ്പളവും നിഷേധിക്കുന്നതിനെതിരെയുമാണ് ആര്‍എസ്പിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം നടത്തിയത്. ചെയ്ത ജോലിക്കു കൂലി ചോദിച്ച് സമാധാനപരമായി നടത്തിയ സമരമാണ് വെടിവയ്‌പ്പില്‍ കലാശിച്ചത്.
വെടിവയ്‌ക്കാന്‍ ഉത്തരവ് നല്കിയത് ആരാണെന്ന് അതില്‍ പങ്കെടുത്ത പോലീസുകാര്‍ക്കു പോലും അറിയില്ലായിരുന്നെന്ന് അദ്ദേഹം പറയുന്നു. കൂലി കുടിശ്ശിക ലഭിക്കാതെ ഫാക്ടറിയില്‍ നിന്ന് വിദേശത്തേക്ക് കയറ്റി അയക്കാനുള്ള കശുവണ്ടി പരിപ്പ് പുറത്തേക്കു വിടില്ല എന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. ലോഡുമായി ലോറികള്‍ കടത്തിവിട്ടാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഫാക്ടറി ഉടമകള്‍ തയാറാണെന്ന വിവരം സമര നേതാക്കളെ അറിയിക്കാന്‍ അന്നത്തെ ആര്‍ഡിഒ പി. രാമകൃഷ്ണപിള്ള, ഡിഎസ്പി മാധവന്‍ പിള്ള, ഡിവൈഎസ്പി ഡിക്രൂസ്, കൊല്ലം ഈസ്റ്റ് എസ്‌ഐ കരുണാകരന്‍ നായര്‍, കുണ്ടറ എസ്‌ഐ വാര്യര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ കല്ലെറിഞ്ഞു. ഇതാണ് പ്രകോപനത്തിനു കാരണമായി പറയുന്നത്. സ്ഥിതി വഷളായെങ്കിലും ലോക്കല്‍ പോലീസ് നോക്കിനിന്നു. എന്നാല്‍ റിസര്‍വ് പോലീസ് മുന്നറിയിപ്പില്ലാതെ നിറയൊഴിച്ചു. ഫാക്ടറിയോട് ചേര്‍ന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയപ്പോള്‍ സമരക്കാരും റിസര്‍വ് പോലീസും രണ്ട് വശത്തായതിനാല്‍ വെടിവയ്‌പ്പ് നിര്‍ത്തി. എന്നാല്‍ ട്രെയിന്‍ പോയ ശേഷം വീണ്ടും വെടി ഉതിര്‍ത്തതായും തോമസ് കുഞ്ഞുകുഞ്ഞ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ.് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു 16 മാസം തികഞ്ഞപ്പോഴായിരുന്നു രണ്ട് കശുവണ്ടി തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കളമൊരുക്കിയ വെടിവയ്‌പ്പ്.
തൊഴിലാളി സര്‍ക്കാര്‍ എന്ന് അവകാശപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധതയുടെ പ്രഥമദൃഷ്ടാന്തമായിരുന്നു ഈ വെടിവയ്‌പ്പ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ നടക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ പോലീസ് വെടിവയ്‌പ്പിനെ ന്യായീകരിക്കുകയാണ് അന്ന് സ്റ്റേറ്റ് കൗണ്‍സില്‍ ചെയ്തത്. തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് വെടിവച്ചത് എന്നായിരുന്നു സര്‍ക്കാര്‍ പത്രക്കുറിപ്പ്.
കൊല്ലം കുണ്ടറയ്‌ക്ക് സമീപമാണ് ചന്ദനത്തോപ്പ്. ചന്ദനത്തോപ്പ് വെടിവയ്‌പ്പും കുട്ടനാട് പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ ഒരണ സമരവുമായി പരോക്ഷബന്ധം ഉണ്ടായിരുന്ന എസ്‌ഐയുടെ ദാരുണാന്ത്യവും ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 27ന് ആണ് കുഞ്ഞുകുഞ്ഞിന് 95 വയസ് തികഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: