ചെന്നൈ: ക്ഷേത്രഭൂമിയില്‍ അനധികൃതമായി ധാതുഖനനം നടത്തിയതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി സേലം റേഞ്ച് ഡിഐജിയെ വിളിച്ചുവരുത്തി. കൃഷ്ണഗിരി, ധര്‍മപുരി എന്നീ ജില്ലകളിലെ ക്ഷേത്രഭൂമിയില്‍ 100 കോടിരൂപയുടെ അനധികൃത ഖനനം നടന്നെന്ന പരാതിയിലാണ് നടപടി. വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി വിശദീകരണം നല്‍കാനും ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എ. രാധാകൃഷ്ണന് നല്കിയ പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. അനധികൃത ഖനനത്തിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) നടപടി സ്വീകരിച്ച റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിച്ചു.
നാഗമംഗലം അരുള്‍മിഗു ഹനുമന്താചാര്യ സ്വാമി ക്ഷേത്രഭൂമിയില്‍ നിന്ന് ഖനനം ചെയ്ത ധാതുക്കളുടെ മൂല്യം ഏകദേശം 28.5 കോടി രൂപയും കൃഷ്ണഗിരിയിലെ ബെലെഗുളിയിലെ അരുള്‍മിഗു പട്ടാള അമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ഖനനം ചെയ്ത ധാതുക്കളുടെ മൂല്യം 70 കോടി രൂപയുമാണെന്നാണ് ഇതില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, പൊതുപ്രവര്‍ത്തകര്‍ പലപ്പോഴും അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്നാക്കം പോവുകയാണെന്നും എച്ച്ആര്‍, സിഇ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുപോലും നിലവില്‍ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും പറഞ്ഞു.
നിയമലംഘനം ഒരു കാരണവശാലും അനുവദിക്കില്ല. കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളില്‍ വന്‍തോതില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്നാരോപിച്ച് നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സ്വത്തുക്കളാണ്. അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: