പട്ന: ചോദ്യപേപ്പർ ചോർച്ച തടയാൻ ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് പാസായത്.
സംസ്ഥാന പാർലമെൻ്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി ആണ് ബിഹാർ പബ്ലിക് എക്സാമിനേഷൻസ് ബിൽ 2024 അവതരിപ്പിച്ചത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷയാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.
ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ച കേസിൽ എട്ട് പേരെയും ഗുജറാത്തിലെ ലാത്തൂരിലും ഗോധ്രയിലും കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ വീതവും പൊതു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡെറാഡൂണിൽ നിന്ന് ഒരാളെയുമാണ് ഇതുവരെ സിബിഐ അറസ്റ്റ് ചെയ്തത്.
ചോദ്യപേപ്പർ ചോർച്ച സംസ്ഥാന സർക്കാരിന് നാണക്കേടായിരുന്നു. ഈ വർഷം ആദ്യം, പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ആ പരീക്ഷ ഇനിയും പുനഃക്രമീകരിച്ചിട്ടില്ലെന്ന് ബിഹാറിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്‌മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: