ന്യൂ ഡല്‍ഹി: തൊഴില്‍, വളര്‍ച്ച, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലെ ആവശ്യകതകള്‍ സന്തുലിതമാക്കുന്നതിന് സഹായിക്കുന്ന ഉചിതമായ ഊര്‍ജ്ജ പരിവര്‍ത്തന പാതകളെക്കുറിച്ചുള്ള നയരേഖ കൊണ്ടുവരുമെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
2024-2025 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയിലൂടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൂടുതല്‍ വിഭവശേഷിക്ഷമതയുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനുള്ള ഗവണ്‍മെന്റ് നയത്തിന്റെ തുടര്‍ച്ചയാണിതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഇനിപ്പറയുന്ന നടപടികള്‍ പ്രഖ്യാപിച്ചു:
വൈദ്യുതി സംഭരണത്തിനായി പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം കൊണ്ടുവരുമെന്നും മൊത്തത്തിലുള്ള ഊര്‍ജ്ജ മിശ്രിതത്തില്‍ പുനരുപയോഗ ഊര്‍ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്ക് സുഗമമായി സംയോജിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് സൗരോര്‍ജ സെല്ലുകളുടെയും പാനലുകളുടെയും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതും നികുതി ഒഴിവാക്കിയതുമായ മൂലധന വസ്തുക്കളുടെ പട്ടിക വിപുലീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, സോളാര്‍ ഗ്ലാസിന്റെയും ടിന്‍ഡ്‌കോപ്പര്‍ ഇന്റര്‍കണക്റ്റിന്റെയും മതിയായ ആഭ്യന്തര നിര്‍മ്മാണ ശേഷി കണക്കിലെടുത്ത്, ഇപ്പോള്‍ നല്‍കിയിട്ടുള്ള കസ്റ്റംസ് തീരുവയുടെ ഇളവ് തുടര്‍ന്ന് ദീര്‍ഘപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു.
ഭാരത് സ്‌മോള്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനും, ഭാരത് സ്‌മോള്‍ മോഡുലാര്‍ റിയാക്ടറിന്റെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍, ആണവോര്‍ജ്ജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കുമായി ഗവണ്‍മെന്റ്, സ്വകാര്യ മേഖലയുമായി സഹകരിക്കും. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ആര്‍ ആന്‍ഡ് ഡി ഫണ്ട് ഈ മേഖലയ്‌ക്ക് ലഭ്യമാക്കും.
അഡ്വാന്‍സ്ഡ് അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ (എയുഎസ്‌സി) താപവൈദ്യുത നിലയങ്ങള്‍ക്കായുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം പൂര്‍ത്തിയായതായും ധനമന്ത്രി പറഞ്ഞു. എന്‍ടിപിസിയും ഭെല്ലും ചേര്‍ന്നുള്ള സംരംഭം എയുഎസ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് 800 MW വാണിജ്യ പ്ലാന്റ് സ്ഥാപിക്കുമെന്നും ഇതിന് ആവശ്യമായ ധനസഹായം ഗവണ്‍മെന്റ് നല്‍കുമെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു. ഈ പ്ലാന്റുകള്‍ക്കായി ഉയര്‍ന്ന ഗ്രേഡ് സ്റ്റീലിന്റെയും മറ്റ് 15 നൂതന മെറ്റലര്‍ജി വസ്തുക്കളുടെയും ഉല്‍പ്പാദനത്തിനുള്ള തദ്ദേശീയ ശേഷി വികസിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് മറ്റു നേട്ടങ്ങള്‍ക്കും കാരണമാകുമെന്ന് അവര്‍ പറഞ്ഞു.
പരമ്പരാഗത സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ നിലവാരത്തിന്റെ ഊര്‍ജ ഓഡിറ്റ് 60 ക്ലസ്റ്ററുകളിലായി നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ശുദ്ധ ഊര്‍ജ രൂപങ്ങളിലേക്ക് അവയെ മാറ്റുന്നതിനും ഊര്‍ജ കാര്യക്ഷമത നടപടികള്‍ വേഗത്തിലാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. അടുത്ത ഘട്ടത്തില്‍ 100 ക്ലസ്റ്ററുകളില്‍ കൂടി പദ്ധതി ആവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി, ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചു. 1.28 കോടിയിലധികം രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളുമായി ഈ പദ്ധതി ശ്രദ്ധേയമായ പ്രതികരണം സൃഷ്ടിച്ചു. ഇത് ഗവണ്‍മെന്റ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: