ചാലക്കുടി: റെയില്‍പ്പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടി രക്ഷപ്പെട്ട് തട്ടിപ്പ് സംഘം. നിധിയായി ലഭിച്ച സ്വര്‍ണം നല്കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘമാണ് സാഹസികമായി ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ടത്. ഏഴ് ലക്ഷം രൂപയുടെ നിധി കിട്ടിയ സ്വര്‍ണം നല്കാമെന്ന് പറഞ്ഞ് കോഴിക്കോട് നാദാപുരം സ്വദേശികളുടെ നാല് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചാലക്കുടി പുഴയുടെ കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ നടന്നു പോവുകയായിരുന്ന നാല് പേര്‍ ട്രെയിന്‍ എത്തിയപ്പോള്‍ പുഴയിലേക്ക് ചാടിയതായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൊഴി നല്കുകയായിരുന്നു. അപകടമെന്ന് കരുതി ഫയര്‍ഫോഴ്സും, സ്‌കൂബ ടീമും ഇന്നലെ മണിക്കൂറുകള്‍ ചാലക്കുടി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തട്ടിപ്പുസംഘം രാത്രി തന്നെ നീന്തി രക്ഷപ്പെട്ടിരുന്നു.
നാദാപുരം സ്വദേശികള്‍ വന്ന കാറില്‍ തൃശൂരില്‍ നിന്നാണ് തട്ടിപ്പ് സംഘം കയറിയത്. പേരാമ്പ്രയില്‍ വെച്ച് സ്വര്‍ണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ചാലക്കുടിയിലെത്തിയിട്ട് നല്കാമെന്ന് പറഞ്ഞു. ചാലക്കുടിയെത്തിയപ്പോള്‍ സംഘം അഡ്വാന്‍സ് ഇല്ലാതെ സ്വര്‍ണം നല്‍കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ നാല് ലക്ഷം രൂപ നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. സ്വര്‍ണം വാങ്ങാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന സ്വര്‍ണപ്പണിക്കാരന്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നാല് പേരും പണമടങ്ങിയ ബാഗുമായി റെയില്‍വെ ട്രാക്കിലൂടെ ഓടി. ഇതിനിടയില്‍ ട്രെയിന്‍ വന്നതോടെ നാലു പേരും പുഴയിലേക്ക് ചാടി.
പുഴയിലേക്ക് നാലുപേര്‍ ചാടുന്നത് കണ്ട ലോപൈലറ്റ് ഇക്കാര്യം റെയില്‍വെ പോലീസിനെ അറിയിക്കുകയും അവര്‍ ചാലക്കുടി പോലീസില്‍ അറിയിക്കുകയും ചെയ്തു.
പുഴയില്‍ ചാടിയവരെന്ന് സംശയിക്കുന്ന നാല് പേര്‍ മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെത്തി പുലര്‍ച്ചെ മൂന്നരയോടെ ഓട്ടം പോകാന്‍ ആവശ്യപ്പെട്ടതായും വന്നവരില്‍ ചിലര്‍ക്ക് പരിക്ക് കണ്ടതിനെ തുടര്‍ന്ന് നാലുപേരേയും കൊരട്ടി ജംഗ്ഷനില്‍ എത്തിച്ചതായും മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍ ജിജി പോലീസിനോട് പറഞ്ഞു. അവിടെ നിന്ന് വേറെ ഓട്ടറിക്ഷയില്‍ ഇവര്‍ അങ്കമാലി ഭാഗത്തേക്ക് പോയതായും വ്യക്തമായിട്ടുണ്ട്.
പരിക്കേറ്റവരില്‍ ഒരാള്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തില്‍ പോലീസ് സംഘം പെരുമ്പാവൂര്‍ ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റു മൂന്ന് പേരെ കണ്ടെത്താന്‍ പോലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ശക്തമാക്കി. ചാലക്കുടി സിഐ സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: