ന്യൂദല്‍ഹി: പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഭാരത താരങ്ങളില്‍ കൂടുതലും ഉത്തര ഭാരത സംസ്ഥാനങ്ങളായ ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും. സ്പോര്‍ട്സിലും അത്ലറ്റിക്സിലുമായി ആകെ 117 ഭാരതീയരാണ് പാരീസില്‍ മത്സരിക്കുക.
ഇതില്‍ 42 താരങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഹരിയാനയില്‍ നിന്ന് 24 താരങ്ങളും പഞ്ചാബില്‍ നിന്ന് 10 താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് ഇനങ്ങളിലാണ് കുടുതലും ഉത്തരേന്ത്യന്‍ താരങ്ങള്‍. പഞ്ചാബില്‍ നിന്നുള്ള താരങ്ങളില്‍ കൂടുതല്‍ പേരും ഭാരത ഹോക്കി ടീമിലാണ്. വനിതാ ഡബിള്‍സിലെ ടാനിഷ ക്രാസ്റ്റോ മാത്രമാണ് വിദേശത്ത് ജനിച്ച ഏക താരം. ഭാരതത്തില്‍ ജനിച്ച മാതാപിതാക്കള്‍ക്ക് ദുബായില്‍ ആണ് ടാനിഷ ജന്മംകൊണ്ടത്. താരത്തിന്റെ പൗരത്വം ഇപ്പോഴും യുഎഇയിലാണ്. കരിയറിന്റെ തുടക്ക കാലത്ത് താരം ബഹ്റെയിന്‍ വേണ്ടി കളിച്ചിട്ടുണ്ട്.
അത്ലറ്റിക്സില് 29 താരങ്ങളാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ അത്ലറ്റിക്സ് താരങ്ങള്‍ പങ്കെടുക്കുന്നത് തമിഴ് നാട്ടില്‍ നിന്നാണ് ആറ് താരങ്ങള്‍. കേരളത്തില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും നാല് വീതം താരങ്ങള്‍ അത്ലറ്റിക്സിന്റെ ഭാഗമാകുന്നു. ആകെ താരങ്ങളില്‍ 22 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും താരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: