ശനിയാഴ്ച തുടങ്ങുന്ന പാരീസ് ഒളിംപിക്‌സ് ഹോക്കിയിലെ ഭാരതത്തിന്റെ മത്സരങ്ങളോടെ മലയാളത്തിന്റെ ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ വിരമിക്കലിന് കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. ആദ്യ മത്സരം അന്ന് രാത്രി ഒമ്പതിന് ന്യൂസിലന്‍ഡിനെതിരെ. അടുത്ത തിങ്കളാഴ്ച വൈകിട്ട് അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം മത്സരം. തൊട്ടടുത്ത ദിവസം അയര്‍ലന്‍ഡിനെ നേരിടും. ആഗസ്ത് ഒന്നിന് ബെല്‍ജിയത്തിനും രണ്ടിന് ഓസ്‌ട്രേലിയയ്‌ക്കും എതിരെ. ഈ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടുന്ന പോയിന്റ് അടിസ്ഥാനമാക്കി ആദ്യ നാല് സ്ഥാനങ്ങളിലെത്തിയാല്‍ ഭാരതം ക്വാര്‍ട്ടറിലേക്ക് മുന്നേറും. ആഗസ്ത് നാലിന് ക്വാര്‍ട്ടര്‍, ആറിന് സെമി, എട്ടിന് ഫൈനല്‍. എല്ലാ ഘട്ടങ്ങളും താണ്ടി ഭാരതം മുന്നേറിയാല്‍ ശ്രീജേഷിന്റെ അവസാന അന്താരാഷ്‌ട്ര മത്സരം അത്രയും ദിവസത്തേക്ക് നീണ്ടു നില്‍ക്കും. മലയാള കായിക പ്രേമികളില്‍ ആവേശവും അഭിമാനവും ഉണര്‍ത്തുന്ന ശ്രീയുടെ സേവുകള്‍ തത്സമയം കാണാന്‍ അവശേഷിക്കുന്ന കളികളുടെ പരമാവധി എണ്ണം കൂടിയായിരിക്കും അത്. അതുകഴിഞ്ഞാല്‍ പിന്നെ ഹോക്കിയുടെ ചരിത്രപുസ്തകത്തില്‍ ശ്രീ ഭാരതത്തിന്റെ ഇതിഹാസ താരം എന്ന് അടയാളപ്പെടുത്തും.
എറണാകുളത്തെ കിഴക്കന്‍ ഗ്രാമപ്രദേശമായ കിഴക്കമ്പലത്ത് സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ഇതിഹാസമായി പന്തലിച്ച ശ്രീജേഷിന്റെ കരിയറും ജീവിതവും കളിയെയും കഥയെയും വെല്ലുന്ന ആവേശം നിറഞ്ഞതാണ്. ആ കാര്യങ്ങളെല്ലാം വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ട് ശ്രീ പോസ്റ്റ് ചെയ്ത എക്‌സ് ചിത്രങ്ങളിലുണ്ട്. കൃഷിക്കാരനായ അച്ഛന്‍ മകന് ആദ്യമായി സ്‌പോര്‍ട്‌സ് കിറ്റ് വാങ്ങിക്കൊടുക്കാന്‍ പശുവിനെ വിറ്റത് മുതല്‍ ആരവങ്ങള്‍ക്ക് നടുവിലൂടെ അവസാന മത്സരത്തിനിറങ്ങാന്‍ ഒരുങ്ങുന്നത് വരെ ചിത്രകാരന്റെ ഭാവനയില്‍ ഒരുക്കിയ കാരിക്കേച്ചറുകള്‍ കൊണ്ടാണ് ഇന്നലെ ശ്രീയുടെ എക്‌സ് അക്കൗണ്ട് നിറഞ്ഞത്. കിഴക്കമ്പലത്ത് നിന്ന് തുടങ്ങിയ പ്രയാണം തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വഴി ദേശീയ ടീമിലെത്തുന്നതും ആദ്യ അന്താരാഷ്‌ട്ര മത്സരത്തിന്റെയും വിദേശ മത്സരത്തിന്റെയും കഥകള്‍ എക്‌സിലെ കുറിയ വാക്യങ്ങളുടെ അകമ്പടിയില്‍ വലിയ ജീവിതകഥയായി പടരുന്നു.
2004ല്‍ ജൂനിയര്‍ ടീമിലെത്തി 2006ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. 2011 മുതല്‍ സ്ഥിരം ഗോള്‍ കീപ്പര്‍. ശേഷം ആദ്യ കിരീട നേട്ടം ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ട്. ചൈനയിലെ ഓര്‍ഡോസ് സിറ്റിയിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാകിസ്ഥാന്റ രണ്ട് ഷോട്ടുകള്‍ സേവ് ചെയ്തുകൊണ്ടുള്ള ശ്രീജേഷിന്റെ മികവിലാണ് ഭാരതം അന്ന് കിരീടം നേടിയത്.
2012 ലണ്ടനില്‍ കരിയറിലെ ആദ്യ ഒളിംപിക്‌സ്. ഭാരതം മറക്കാനാഗ്രഹിക്കുന്ന പ്രകടനമായിരുന്നു ലണ്ടനിലേത്. നാല് വര്‍ഷത്തിന് ശേഷം റിയോ ഡി ജനീറോ ഒളിംപിക്‌സിനൊരുങ്ങിയ ഭാരതത്തെ നയിച്ചത് ശ്രീ ആയിരുന്നു. ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചു. അതിനിടെ ഇഞ്ചിയോന്‍ ഏഷ്യന്‍ ഗെയിംസും വിവിധ ടൂര്‍ണമെന്റുകളിലും മെഡലുകളും കിരീടങ്ങളും സ്വന്തമാക്കി. ചെറിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് റയോ ഒളിംപിക്‌സിന് ശേഷവും തുടര്‍ന്നു.
നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ഗോള്‍ വലയ്‌ക്ക് മുന്നിലെ ഉരുക്കു കോട്ടയായി ലോക ഹോക്കിയില്‍ത്തന്നെ പകരക്കാരനില്ലാത്ത വിധം ശ്രീ വളര്‍ന്നു.. ഭാരതം സ്വപ്‌ന സാഫല്യം പോലെ നേടിയ ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല നേട്ടത്തിന് നാല് വര്‍ഷത്തിനിപ്പുറവും പ്രായം 36 കഴിഞ്ഞിട്ടും ഭാരത ഹോക്കി ശ്രീയെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുപോലുമില്ല. ഇപ്പോഴും ഇതിഹാസതുല്യമായ പ്രകടനം ഗോള്‍വലയ്‌ക്ക് മുന്നില്‍ തുടരുന്ന ശ്രീജേഷിനെ വീക്ഷിക്കുന്നവര്‍ ആരും ചോദിച്ചുപോകും, വിരമിക്കാനായോ എന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: