ന്യൂദല്‍ഹി: ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയര്‍ബസ് ഭാരതത്തില്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നു. ടാറ്റയുമായി സഹകരിച്ചാകും പ്രവര്‍ത്തനം. എയര്‍ബസിന്റെ ഹെലികോപ്റ്ററായ എച്ച് 125 എന്ന മോഡലാണ് ഭാരതത്തില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. പ്രതിരോധ മേഖലക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് ഈ നടപടി. എച്ച് 125 ഹെലികോപ്റ്ററിന്റെ നിര്‍മാണത്തിനായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡ് ആയിരിക്കും സൗകര്യമൊരുക്കുക. ഇതുസംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ധാരണയിലായതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതാദ്യമായാണ് ഭാരതത്തില്‍ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത്. 2026-ഓടെ ആദ്യ ഹെലികോപ്റ്റര്‍ പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിന് എട്ട് സൈറ്റുകളാണ് നിലവില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത് ഏറെ വൈകാതെ തന്നെ സാധ്യമാകുമെന്നുമാണ് എയര്‍ബസ് ഹെലികോപ്റ്റര്‍ ഗ്ലോബല്‍ ബിസിനസ് വൈസ് പ്രസിഡന്റ് ഒലിവിയര്‍ മൈക്കലോണ്‍ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മാസത്തോടെ പ്ലാന്റ് നിര്‍മിക്കുമെന്നുള്ള സൂചനകളാണ് കമ്പനി മേധാവികള്‍ നല്‍കിയിട്ടുള്ളത്. പ്രാഥമിക ഘട്ടത്തില്‍ പത്ത് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും എയര്‍ബസ് ടാറ്റയുമായി ചേര്‍ന്ന് ഒരുക്കുക. വരും വര്‍ഷങ്ങളില്‍ നിര്‍മാണ ശേഷി 50 യൂണിറ്റിലേക്ക് ഉയര്‍ത്തും.
ഒറ്റ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററാണ് എയര്‍ബസിന്റെ എച്ച് 125 എന്ന മോഡല്‍. പൈലറ്റ് ഉള്‍പ്പെടെ ഏഴ് ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഈ മോഡലി
നുള്ളത്. അഗ്നിശമന സേന, നിയമ നിര്‍വഹണം, രക്ഷാപ്രവര്‍ത്തനം, എയര്‍ ആംബുലന്‍സ് തുടങ്ങിയ ആവശ്യത്തിന് ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഭാരതം, നേപ്പാള്‍, ബൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലായി 500- ഓളം എച്ച് 125 ഹെലികോപ്റ്ററുകള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ വഡോദരയില്‍ സി 295 വിമാനങ്ങളുടെ അസംബ്ലി ലൈന്‍ എയര്‍ബസ് സ്ഥാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: