ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രിവന്സസ് ആന്‍ഡ് പെന്ഷന് മന്ത്രാലയത്തിനു കീഴിലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. 1966ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രഖ്യാപിച്ച വിലക്കാണ് നീക്കിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ആര്‍എസ്എസ് സ്വാഗതം ചെയ്തു.
1966ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കിയത്. 1970ലും 1980ലും ഈ ഉത്തരവ് പരിഷ്കരിച്ചെങ്കിലും വിലക്ക് നീക്കിയില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ ലക്ഷ്യമിട്ടു കൊണ്ടുവന്ന വിലക്കാണ് 58 വര്‍ഷത്തിനു ശേഷം മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കിയത്. 1966 നവംബര്‍ 30, 1970 ജൂലൈ 25, 1980 ഒക്ടോബര്‍ 28 ദിവസങ്ങളിലെ ഉത്തരവുകള്‍ അവലോകനം ചെയ്യുകയും അവയില്‍ നിന്ന് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പരാമര്‍ശം നീക്കുന്നതായും കേന്ദ്ര ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാം.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ ഉത്തരവ്, നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: