തലവടി: കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ എത്തിച്ചു മോര്‍ച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ ഒന്‍പതിന് എമിറേറ്റ്സ് എയര്‍വേസിന്റെ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദ്ദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 10 മണിയോടെ ബന്ധുക്കളായ സിബി, മാത്യു, ഗ്ലാഡ്ജി, അലക്സ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നാല് ആംബുലന്‍സുകളിലായി ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവല്ല സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനം നടന്നു.
തലവടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം മുളയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ മൂത്ത മകള്‍ ഐറിന് (14), അഞ്ചാം ക്ലാസ് വിദ്യര്‍ഥിയായ ഇളയ മകന് ഐസക്ക് (11) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മാത്യൂസിന്റെ അമ്മ റേച്ചല്‍, സഹോദരങ്ങളായ ഷീബ, ഷീജ, ജീമോന്‍, ലിനിയുടെ മാതാപിതാക്കളായ പി.കെ എബ്രഹാം, ഡില്ലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങള്‍ ജിജോ പണി കഴിപ്പിച്ച നീരേറ്റുപുറത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 11.30ന് വീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 1.15 ന് തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും.
ആലപ്പുഴ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ചു തഹസില്‍ദാര്‍മാരായ പി.വി ജയേഷ്, എസ്.അന്‍വര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.എസ് സൂരജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, കുഴിപ്പള്ളി വികാരി ഫാ.തോമസ് ഫിലിപ്പ, മുന്‍ വികാരി ഫാ. സുനില്‍ മാത്യു, ഫാ. പി.പി കുരുവിള, ഫാ. സുനില്‍ ചാക്കോ, ഫാ. തോമസ് മാത്യു വര്‍ക്കി, ഫാ. ജസ്റ്റിന് കെ. മാത്യൂസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: