ന്യൂദൽഹി: അക്രമാസക്തമായ ബംഗ്ലാദേശിൽ നിന്ന് ഇതുവരെ 4,500 ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. നേപ്പാളിലെ 500 വിദ്യാർത്ഥികൾ, ഭൂട്ടാനിലെ 38, മാലിദ്വീപിലെ ഒരാൾ എന്നിവരും ഇന്ത്യയിലെത്തിയവരിൽ ഉൾപ്പെടുന്നു.
അവരുടെ സുരക്ഷിത യാത്രയ്‌ക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ സൗകര്യമൊരുക്കി. ധാക്കയും നാല് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും ഇവർക്ക് വേണ്ട സഹായ സഹകരണങ്ങൾ മികച്ച രീതിയിൽ നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ചിറ്റഗോംഗ്, രാജ്ഷാഹി, സിൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ പൗരന്മാർക്ക് കര-തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും സുഗമമായ യാത്ര ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട ഇന്ത്യൻ അധികാരികളുമായി ഏകോപിപ്പിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനുമിടയിൽ ഫ്ലൈറ്റ് സർവീസുകളുടെ ലഭ്യത ഉറപ്പാക്കാൻ ധാക്കയിലെ ഹൈക്കമ്മീഷൻ ബംഗ്ലാദേശിലെ സിവിൽ ഏവിയേഷൻ അതോറിറ്റികളുമായും വാണിജ്യ വിമാനക്കമ്പനികളുമായും സമ്പർക്കം പുലർത്തുന്നുണ്ട്.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായി ഹൈക്കമ്മീഷനും തങ്ങളുടെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിലെ ശേഷിക്കുന്ന വിദ്യാർത്ഥികളുമായും അവരുടെ ക്ഷേമത്തിനും സഹായത്തിനുമായി ഇന്ത്യൻ പൗരന്മാരുമായും ഉദ്യോഗസ്ഥർ പതിവായി ബന്ധപ്പെടുന്നുമുണ്ട്.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ബംഗ്ലാദേശിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും താഴെ ലിസ്റ്റുചെയ്തിരിക്കുന്ന അടിയന്തിര കോൺടാക്റ്റ് നമ്പറുകൾ വഴി ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ ഏത് സഹായത്തിനും ലഭ്യമാണ്:
ഇന്ത്യൻ ഹൈക്കമ്മീഷൻ, ധാക്ക
+880-1937400591
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ചിറ്റഗോംഗ് +880-1814654797 / +880-1814654799
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, രാജ്ഷാഹി +880-1788148696
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, സിൽഹെറ്റ് +880-1313076411
+880-1313076417
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഖുൽന +880-1812817799
1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന ഷെയ്ഖ് ഹസീന സർക്കാരിന്റെ നയത്തിനെതിരെ വൻ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 100-ഓളം പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.
അതേ സമയം ജനങ്ങളുടെ രോഷം മാനിച്ച് ബംഗ്ലാദേശ് ക്വാട്ട ശതമാനം അഞ്ച് ശതമാനമായി കുറച്ചതായി റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: