അഹമ്മദാബാദ്: ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ 8400 കോടി രൂപ നല്‍കി സ്വന്തമാക്കാന്‍ ഗൗതം അദാനി. ഗുജറാത്ത് ടൈറ്റന്‍സിന്റെ നിലവിലെ ഉടമകളായ സിവിസി ഗ്രൂപ്പുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റെടുക്കല്‍ നടന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിലെ ഭൂരിഭാഗം ഓഹരികളും സിവിസി ഗ്രൂപ്പ് അദാനിക്ക് കൈമാറും. നാമമാത്ര ഓഹരികള്‍ മാത്രമായിരിക്കും സിവിസി ഗ്രൂപ്പ് കൈവശം വെക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കിയത്. 2025 ഫെബ്രുവരിയില്‍ ബിസിസിഐയുടെ ലോക്ക്-ഇന്‍ പിരീയഡ് കഴിഞ്ഞതിനുശേഷമായിരിക്കും ടീമിന്റെ വില്‍പന നടക്കുക എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ 5625 കോടി രൂപ മുടക്കിയാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടീമിനെ സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കാനുള്ള 2021ലെ ലേലത്തില്‍ അദാനിയും പങ്കെടുത്തിരുന്നെങ്കിലും ടീമിനെ സ്വന്തമാക്കാനായില്ല.
അദാനിക്ക് പുറമെ ടോറന്‍റ് ഗ്രൂപ്പും
നിലവില്‍ പതിനായിരം കോടി മുതല്‍ 15000 കോടി വരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗൗതം അദാനിക്ക് പുറമെ ടോറന്‍റ് ഗ്രൂപ്പും ഗുജറാത്ത് ടൈറ്റന്‍സില്‍ നിക്ഷേപം നടത്താന്‍ രംഗത്തുണ്ട്. ക്രിക്കറ്റ് രംഗത്ത് അദാനി നേരത്തെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലും യുഎഇ ഇന്‍റര്‍ നാഷണല്‍ ലീഗിലും ഗൗതം അദാനി ടീമുകളെ വിലയ്‌ക്ക് വാങ്ങിയിട്ടുണ്ട്. വനിതാ ഐപിഎല്ലില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1289 കോടി രൂപക്കാണ് അദാനി സ്വന്തമാക്കിയത്.
അടുത്ത തവണ ഐപിഎല്‍ സംപ്രേഷണവകാശം വില്‍ക്കുന്നതോടെ ഗുജറാത്ത് ടീം ലാഭത്തിലാകുമെന്ന് ടീം സഒഒ അര്‍വിന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ടീമുകളെല്ലാം ലാഭത്തിലാകാന്‍ നാലോ അഞ്ചോ വര്‍ഷമെടുത്തിട്ടുണ്ടെന്നും അര്‍വിന്ദര്‍ സിംഗ് വ്യക്തമാക്കിയിിരുന്നു.
ആരാണ് സിവിസി?
ലക്സംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര ഇന്‍വെസ്റ്റ്മെന്‍റ് ഏജന്‍സിയാണ് സിവിസി. ഫോര്‍മുല വണ്‍, റഗ് ബി, ഫുട്ബാള്‍ എന്നീ സ്പോര്‍ട്സുകളില്‍ വന്‍നിക്ഷേപം സിവിസി നടത്തിയിട്ടുണ്ട്. വിദേശികളായ റോലി റപ്പാഡ്, ബ്രൂസ് മക്ലീന്‍, സ്റ്റീവന്‍ കോള്‍ടസ് എന്നിവരാണ് സിവിസിയുടെ സ്ഥാപകര്‍.
ഐപിഎല്‍ മൂല്യം വളരുന്നു
ഇന്ത്യന്‍ പ്രീമയര്‍ ലീഗിന്റെ (ഐപിഎല്‍) മൂല്യം 6.5 ശതമാനം ഉയര്‍ന്നിരിക്കുകയാണെന്ന് അമേരിക്കയിലെ ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കായ ഹൂള്ഹാന്‍ ലോകി കണക്കാക്കുന്നു. ഇന്ന് 1.34 ലക്ഷം കോടിയാണ് ഹൂള്ഹാന്‍ ലോകി (Houlihan Lokey) കണക്കുകൂട്ടുന്ന ഐപിഎല്ലിന്റെ മൂല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: