പാണ്ടിക്കാട് (മലപ്പുറം): ആശ്മില്‍ സമര്‍ത്ഥമായി കാല്‍പ്പന്തുതട്ടിക്കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. നിപ രോഗബാധയെ തുടര്‍ന്ന് അന്തരിച്ച ആശ്മില്‍ ഡാനിഷ് നല്ലൊരു ഒരു ഫുട്‌ബോള്‍ താരമായിരുന്നു.
ചെമ്പ്രശ്ശേരി എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ആശ്മില്‍ ആറ്, ഏഴ് ക്ലാസുകളിലേ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായി. മഞ്ചേരി ഉപജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അന്ന് സ്‌കൂളിന് കിരീടം ലഭിച്ചത് ആശ്മിലിന്റെ മിടുക്കിലാണ്.
ഹൈസ്‌കൂളിലെത്തിയപ്പോള്‍ പഠനത്തിനായി ആശ്മില്‍ പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുത്തത് ഫുട്‌ബോള്‍ പരിശീലനം ലക്ഷ്യമിട്ടും അതിനുള്ള സാദ്ധ്യത അറിഞ്ഞുമാണ്. പന്തല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയില്‍ നല്‍കുന്ന പ്രോത്സാഹനം കണക്കിലെടുത്താണ് വീട്ടിനടുത്ത് ഹൈസ്‌കൂള്‍ ഉണ്ടായിട്ടും ആശ്മില്‍ ഈ സ്‌കൂളിലെത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുത്ത് ടീമിലെ ആദ്യ 25 പേരിലെത്തി.
ഈ വര്‍ഷത്തെ ക്യാമ്പില്‍ ടീമില്‍ മികച്ച ഇടംപിടിക്കാനുള്ള പരിശീലനങ്ങള്‍ക്കിടെയാണ് ഈ ദുരന്തം. ജൂലൈ 12 ന് ക്യാമ്പ് തുടങ്ങുംമുമ്പേ ആശ്മിലിന് രോഗം പിടിപ്പെട്ടു. ജൂലൈ 10-ന് സ്‌കൂളില്‍നിന്നുവന്നപ്പോള്‍ ആശ്മിലിന് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടു. മരുന്നുകഴിച്ചിട്ടും കുറയാഞ്ഞതിനാല്‍ 12 ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. 13ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും കാണിച്ചു. അവിടെനിന്ന് മരുന്നു കൊടുത്തുവിട്ടു. പനി മാറിയില്ല. വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ പരിശോധനയില്‍ അപൂര്‍വ വൈറസ് ബാധയെന്ന സംശയം വന്നപ്പോഴാണ് കോഴിക്കോട്ടേക്ക് ചികിത്സ മാറ്റിയത്. ഒരുപക്ഷേ മികച്ച ഒരു ഭാവി ഫുട്‌ബോള്‍ താരത്തെ കൂടിയാണ് ആശ്മിലിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് താരത്തിന്റെ സ്‌കൂള്‍ തല പ്രകടനത്തിന്റെ വീഡിയോ കാണുന്നവര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക