കോട്ടയം: ആമയിഴഞ്ചാന്‍ തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ശ്വാസംമുട്ടി ഒരു ജീവന്‍ പൊലിഞ്ഞതോടെ വീണ്ടും പരിശോധനാ പ്രഹസനമായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രംഗത്തിറക്കി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുക്കാനാണ് തദ്‌ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2020 ജനുവരിയിലാണ് സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത് . എന്നാല്‍ ഇത് ഫലപ്രദമായ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിലെ പ്ലാസ്റ്റിക് ഉല്‍പാദനം നിര്‍ത്തിയതല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതു തടയാനും നടപടി സ്വീകരിച്ചില്ല. കച്ചവടക്കാരും മറ്റും നിര്‍ലോഭം ഇത് ഉപയോഗിച്ചു പോന്നു. കൈക്കൂലി നല്‍കാത്തവര്‍ക്ക് പണി കൊടുക്കാന്‍ വേണ്ടി മാത്രം അത്തരം സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന രീതിയായിരുന്നു പല ഉദ്യോഗസ്ഥരും സ്വീകരിച്ചിരുന്നത്.
പ്ലാസ്റ്റിക് നിരോധനം ഗൗരവത്തില്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഇത്തരം പരിശോധനകളില്‍ നിന്നും പിൻവാങ്ങുകയായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്നവയും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് നിരോധിച്ചിട്ടുള്ളത്.
കോട്ടയം, പാലാ നഗരസഭാ പ്രദേശത്ത് ഇന്നലെ ഉദ്യോഗസ്ഥര്‍ കടകളില്‍ റെയ്ഡ് നടത്തി ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ പതിനായിരം രൂപ വരെ ഈടാക്കുമെന്നാണ് സെക്രട്ടറി നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: