പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ക്ക് ഇന്ന് തുടക്കമാകും. 64 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്ക് ഭക്തര്‍ അഭീഷ്ടസിദ്ധിക്കായി സമര്‍പ്പിക്കുന്നതാണ് വള്ളസദ്യ. ഒക്ടോബര്‍ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യാകാലം. അഞ്ഞൂറോളം സദ്യകള്‍ ഇക്കാലയളവില്‍ ഉണ്ടാകും. ഇതേവരെ 350 സദ്യകള്‍ ബുക്കിങ് ആയതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിദിനം പത്തു മുതല്‍ 15 വരെ സദ്യകള്‍ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് വള്ളസദ്യ സമര്‍പ്പിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഇന്ന് പത്ത് പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് സദ്യ ഒരുക്കുന്നത്. ഇടശ്ശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്ക്കെത്തുന്നത്. സദ്യയ്ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാര്‍ ക്ഷേത്രക്കടവില്‍ ആചാരപരമായി വെറ്റയുംപുകയിലയും നല്കി സ്വീകരിക്കും. അമ്പലപ്പുഴ പാല്പായസം, അടപ്രഥമന്‍, കടലപ്രഥമന്‍, പഴംപായസം ഉള്‍പ്പെടെയുള്ളവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതു കൂടാതെയാണ് കരക്കാര് ശ്ലോകം ചൊല്ലി കൂടുതല്‍ വിഭവങ്ങള്‍ ആവശ്യപ്പെടാറുള്ളത്. മടന്തയില തോരന്‍, മോദകം, അട, കദളി-കാളിപ്പഴങ്ങള്‍, തേന്‍ തുടങ്ങി 20 വിഭവങ്ങളാണ് ചൊല്ലിവാങ്ങുന്ന കൂട്ടത്തിലുള്ളത്.
പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്, ട്രഷറര്‍ രമേശ് കുമാര്‍ മാലിമേല്‍, റെയ്സ് കമ്മിറ്റി കണ്‍വീനര്‍ ബി. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: