ബേണ്‍:പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് ബിയല്‍ ചെസ് ചലഞ്ചേഴ്സില്‍ സമനില. 2023ലെ ലോക ജൂനിയര്‍ ചെസ് ചാമ്പ്യനും ഫ്രഞ്ച് ഗ്രാന്‍റ് മാസ്റ്ററുമായ മാര്‍ക് ആന്‍ഡ്രിയ മൊറുസിയെയാണ് വൈശാലി സമനിലയില്‍ കുരുക്കിയത്. തുടര്‍ച്ചയായ മൂന്ന് ജയത്തിന് ശേഷമാണ് വൈശാലിക്ക് സമനില ലഭിക്കുന്നത്. വാസ്തവത്തില്‍ തോല്‍ക്കുമായിരുന്ന ഒരു കളിയാണ് മാര്‍ക് ആന്‍ഡ്രിയ മൊറുസി വരുത്തിയ പിഴവ് മൂലം സമനിലയിലെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും രണ്ടും മൂന്നും റൗണ്ടുകളില്‍ തന്നേക്കാള്‍ റാങ്കില്‍ ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന ഗ്രാന്‍റ് മാസ്റ്റര്‍മാരെ വൈശാലി തോല്‍പിച്ചിരുന്നു. അതോടെ വൈശാലിയുടെ തത്സമയ റേറ്റിംഗും റാങ്കും ഉയരുകയും ലോകത്തിലെ ആദ്യ പത്ത് വനിതാ ചെസ് താരങ്ങളില്‍ പത്താം സ്ഥാനത്തേക്ക് വൈശാലി ഉയരുകയും ചെയ്തിരുന്നു.
ഇതോടെ 18.5 പോയിന്‍റുകളോടെ വൈശാലി രണ്ടാം സ്ഥാനത്തെത്തി. 19.5 പോയിന്‍റുകളോടെ യുഎഇയിലെ സാലെം സാലേയാണ് നാല് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ബിയല്‍ ചെസ് ചലഞ്ചേഴ്സില്‍ ഇപ്പോള്‍ ഒന്നാമത് നില്‍ക്കുന്നത്. യുഎഇയുടെ ഏറെ പ്രതീക്ഷയുള്ള താരമാണ് 31കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ സാലെം സാലേ. ഇഹോര്‍ സാമുനെന്‍കോവിനെയാണ് നാലാം റൗണ്ടില്‍ സാലെം സാലെ തോല്‍പിച്ചത്. ജര്‍മ്മനിയുടെ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോയും ഡാനിഷ് താരം ജോനാസ് ജെറെയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: