കൊച്ചി കുടിവെള്ള പദ്ധതിയുടെ പേരില്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍നിന്ന് 2500 കോടിയിലേറെ രൂപ കടമെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം വന്‍ അഴിമതിക്ക് വഴിയൊരുക്കുന്നതും,വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്കുകീഴില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി കുടിവെള്ള പദ്ധതിക്കുവേണ്ടി അനുവദിച്ച 752 കോടി ആവശ്യമില്ലെന്നറിയിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറിയിരിക്കുകയാണ്. ഇതിനു പകരം എഡിബി വായ്പയുടെ മറവില്‍ അധിക തുകയ്ക്ക് ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എസ്റ്റിമേറ്റ് തുകയുടെ 21 ശതമാനം അധിക തുകയ്ക്ക് വിദേശ കമ്പനിയായ സോയൂസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എഡിബിയില്‍നിന്ന് വായ്പയെടുക്കുന്നതിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്ന പദ്ധതിയാവുമ്പോള്‍ കരാര്‍ പണികളുടെ ഓരോ ഘട്ടത്തിലും പരിശോധനയുണ്ടാകും. ഇതനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തില്‍ പണം അനുവദിക്കുക. എഡിബി വായ്പയിലാണെങ്കില്‍ ഇങ്ങനെയൊരു പരിശോധനയില്ലാതെ തുക അനുവദിക്കും. അഴിമതിക്കുള്ള വഴിയും ഈ അനുകൂലഘടകത്തിലുണ്ട്. ഇതാണ് പൊതുജന താല്‍പ്പര്യം കണക്കിലെടുക്കാതെ കടമെടുപ്പിനും ജലവിതരണത്തിനും ഇടതുമുന്നണി സര്‍ക്കാരിനെയും കൊച്ചി കോര്‍പ്പറേഷനെയും പ്രേരിപ്പിക്കുന്നത്.
ജനകീയ താല്‍പ്പര്യം എന്നൊന്നില്ലാതെ ലാഭേച്ഛ മാത്രം നോക്കി ചരടുള്ള വായ്പകളാണ് എഡിബി നല്‍കുക. വായ്പയുടെ നിബന്ധന പ്രകാരം ജലവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമ്പോള്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കുകയും, ഇത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെ വരികയും ചെയ്യും. നിലവിലുള്ള കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപി
ക്കുന്നതു വഴി ജലത്തിന്റെ ഉപഭോക്താക്കള്‍ ഇരട്ടിവിലയാണ് നല്‍കേണ്ടി വരിക. കൊച്ചിയിലെ ജലവിതരണത്തില്‍ നഷ്ടം അന്‍പത് ശതമാനത്തിലേറെയാണെന്നും, വിതരണം കാര്യക്ഷമമാക്കി ഇത് ഇരുപത് ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് വിദേശ കമ്പനിയെ ഏല്പ്പിക്കുന്നതെന്നുമുള്ള ന്യായീകരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബോധപൂര്‍വം തെറ്റായ പഠനം നടത്തിയാണ് കരാര്‍ ഉറപ്പിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. പഠനത്തില്‍ കണ്ടെത്തിയതിലും വളരെ താഴ്ന്ന തോതിലുള്ള ജലനഷ്ടം മാത്രമാണ് കൊച്ചിയില്‍ ഉണ്ടാവുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ വസ്തുതകളൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനും, ജനങ്ങളെ വന്‍തോതില്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്നത്. എഡിബി പദ്ധതിയുടെ പേരില്‍ നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ബിഎംഎസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ ഇതിന് വഴങ്ങുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നും ഈ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരുകാലത്ത് എഡിബി എന്നു കേട്ടാല്‍ ഉറഞ്ഞുതുള്ളുന്നവരായിരുന്നു സിപിഎമ്മുകാര്‍. എഡിബി നല്കുന്ന വായ്പകള്‍ക്ക് ചരടുകളുണ്ടെന്നും, അത് വാങ്ങുന്നത് സാമ്പത്തികാടിമത്വത്തിലേക്ക് നയിക്കുമെന്നും മുറവിളി കൂട്ടിയവരാണ് ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ഇടതു ധനകാര്യ വിദഗ്ദ്ധര്‍. എഡിബി വായ്പയുടെ പേരില്‍ നിരവധി സമരങ്ങളും സിപിഎമ്മും ഇടതുമുന്നണിയും നടത്തിയിട്ടുണ്ട്. പി.കെ. എബ്രഹാം എന്ന ഉദ്യോഗസ്ഥനാണ് എഡിബിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും, ഇയാള്‍ അവരുടെ കയ്യാളാണെന്നും വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായിത്തീര്ന്നപ്പോള് ഈ ഉദ്യോഗസ്ഥന് സിപിഎമ്മിനും ഇടതുമുന്നണിക്കും വേണ്ടപ്പെട്ടവനായി! ചീഫ് സെക്രട്ടറിയായി വിരമിച്ച എബ്രഹാമിനെ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് വന്‍തോതില്‍ ശമ്പളം നല്കി ഒപ്പം നിര്‍ത്തുകയാണ് പിണറായി ചെയ്തത്. മുന്‍കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സിപിഎമ്മും ഇതിനൊപ്പം നിന്നു. സംസ്ഥാന സര്‍ക്കാരിന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് എഡിപി വായ്പയെടുത്ത് ജലവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും വിദേശ കമ്പനിയെ. ടെണ്ടര്‍ വിളിച്ച് സുതാര്യമായി നല്‍കേണ്ട പല കരാറുകളും വിദേശ കമ്പനികളെ ഏല്‍പ്പിച്ച് കമ്മീഷന് പറ്റുകയെന്നത് പിണറായി സര്‍ക്കാരിന്റെ നയം തന്നെയാണ്. കടുത്ത വിമര്‍ശനങ്ങളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. എന്നിട്ടും പിന്മാറാന് തയ്യാറല്ലെന്നാണ് കൊച്ചി നഗരത്തിലെ ജലവിതരണം വിദേശ കരങ്ങളെ ഏല്‍പ്പിക്കാനുള്ള തീരുമാനം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: