ന്യൂദല്‍ഹി: കടലിലെ കരുത്തരായ ഭാരത നാവിക സേന കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഒരുങ്ങുന്നു. നാവിക സേനയ്ക്കായി 70,000 കോടി രൂപ മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നു.
ഇതിനുള്ള കരാറിന് ഉടന്‍ അനുമതി നല്‍കും. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഭാരതത്തില്‍ത്തന്നെയാണ് ഈ കപ്പലുകള്‍ നിര്‍മിക്കുക. സാങ്കേതികപരമായി അതിനൂതന സംവിധാനങ്ങളാണ് യുദ്ധക്കപ്പലുകളില്‍ ഉണ്ടാവുക. പ്രോജക്ട് 17 ബി എന്നാണ് പേര്. നിര്‍മാണത്തിലിരിക്കുന്ന നീലഗിരി ക്ലാസിന്റെ തുടര്‍ച്ചയാകുമിത്.
തദ്ദേശീയമായി വികസിപ്പിച്ച അഗ്നി നിയന്ത്രണ സംവിധാനങ്ങള്‍, ബ്രഹ്മോസ്, നിര്‍ഭയ് ക്രൂയിസ് മിസൈലുകള്‍, അന്തര്‍വാഹിനി വേധ ആയുധങ്ങള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ എന്നിവ വഹിക്കാന്‍ കഴിയുംവിധമാകും ഇവയുടെ നിര്‍മാണം. പ്രോജക്ട് 17 എ പ്രകാരം നാവിക സേന ഏഴു പുതിയ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നുണ്ട്. ഈ കപ്പലുകള്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ശാലകളായ മുംബൈയിലെ മസഗോണ്‍ ഡോക്ക് യാര്‍ഡ്സ് ലിമിറ്റഡ് (എംഡിഎല്‍), കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് (ജിആര്‍എസ്ഇ) എന്നിവിടങ്ങളിലാകും ഈ അത്യാധുനിക കപ്പലുകളും നിര്‍മിക്കുക.
ഭാരതത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്ശാലകളിലൊന്നാണ് എംഡിഎല്‍. ഇവിടെ നാല് യുദ്ധക്കപ്പലുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ജിആര്‍എസ്ഇയില്‍ മൂന്ന് കപ്പലുകളുടെ നിര്‍മാണ കരാറാണുള്ളത്. പുതിയ കരാറും ഈ രണ്ട് സ്ഥാപനങ്ങള്‍ക്കുമായി വീതിച്ചുനല്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ വിദേശത്തു നിന്നടക്കമുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ ഇരുസ്ഥാപനങ്ങളെയും തേടിയെത്തും. കടലില്‍ ചൈനയും പാകിസ്ഥാനും ഉയര്‍ത്താന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ നേരിടാന്‍ പുതിയ യുദ്ധക്കപ്പലുകള്‍ ഭാരതത്തെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: