പാലക്കാട്: കോയമ്പത്തൂര്‍ നഗരത്തില്‍ വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ 11 പേര് പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തീവ്രവാദ ബന്ധം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തിയേക്കും. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പന്ത്രണ്ടാമനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി, തടിയന്റവിട നസീറിന്റെ സഹോദരന് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും. കഴിഞ്ഞദിവസം രാത്രിയാണ് കോയമ്പത്തൂര്‍ പുതൂര്‍ കുളത്തുപാളയം ഭാഗത്ത് പോലീസ് രാത്രി പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സംഘത്തെ ചോദ്യം ചെയ്തു.
പരസ്പര വിരുദ്ധമായാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാശ്രമം അറിയുന്നത്. കാഞ്ഞങ്ങാട് ചെട്ടുകുണ്ട് കടവത്ത് വീട്ടില്‍ മുഹമ്മദ് സിയാവുദ്ദീന് (40), കാഞ്ഞങ്ങാട് കൊളവയല്‍ സുനില്‍, കണ്ണൂര്‍ വാഴക്കവീഥി തായകത്ത് അബ്ദുള്‍ ഹാലിം (47), കാഞ്ഞങ്ങാട് തെക്കയപുരം സമീര്‍ (32), തിരുപ്പൂര്‍ മംഗളം ഗണപതി പാളയം പര്സാദ് (25), ഉക്കടം സ്വദേശി മുഹമ്മദ് അനസ് (29), തിരുപ്പൂര്‍ മംഗളം പെരിയ പള്ളിവാസല്വീഥി സ്വദേശികളായ സലീം മാലിക (25), ഷാജഹാന് (26), കണ്ണൂര്‍ തയ്യില്‍ സ്വദേശി എം. ഷമല്‍ (46), കര്‍ണാടക ബഡ്കല്‍ സ്വദേശി നൗഫല്‍ ഖാസിം ഷേക്ക് (29), തിരുപ്പൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ (18) എന്നിവരാണ് പിടിയിലായത്.
9 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലുള്ള നൗഫല്‍ ഖാസിം, മുഹമ്മദ് യാസിര്‍ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മൂന്നാം പ്രതിയായ അബ്ദുള്‍ ഹാലിം കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണ്. ഒമ്പതാം പ്രതി ഷമല്‍ തടിയന്റവിട നസീറിന്റെ സഹോദരനാണ്. നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളാണ് ഇരുവരും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണോ കവര്‍ച്ചയെന്നും സംശയമുണ്ട്. അന്വേഷണത്തിന് കേരളപോലീസിന്റെ സഹായവും തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: