തൃശൂര്‍: ലേബർ കമ്മീഷണർ ആയിരുന്ന അർജുൻ പാണ്ഡ്യനെ തൃശൂർ കളക്‌ടറായി നിയമിച്ചു. തൃശൂർ കളക്‌ടറായിരുന്ന വിആർ കൃഷ്‌ണ തേജ കേരള കേഡറിൽ നിന്ന് ആന്ധ്രാ കേഡറിലേക്ക് മാറിയതോടെയാണ് പുതിയ കളക്‌ടറായി അർജുൻ പാണ്ഡ്യന്റെ നിയമനം
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്‌തികയിൽ കൃഷ്‌ണ തേജയെ നിയമിക്കുന്നതിന് വേണ്ടി ആയിരുന്നു കേഡർ മാറ്റം. 2016ൽ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്.
തിരുവനന്തപുരം കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ ബിടെക് ബിരുദം പൂർത്തിയാക്കി. 2014ൽ ടിസിഎസിൽ നിന്ന് രാജിവച്ചു. മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്ടർ ആയി ചുമതലയേറ്റു.
പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. ഡോ. അനുവാണ് ഭാര്യ. കണ്ണൂർ അസിസ്റ്റന്‍റ് കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,ഡെവല്പ്മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: