അനേകായിരം പേരുടെ ഹൃദയങ്ങളില്‍ ഡോ.എം.എസ്. വല്യത്താന് എന്ന പേര് സ്പന്ദിക്കുന്നുണ്ടാകും. നിലച്ചുപോയേക്കാമായിരുന്ന ഹൃദയ താളത്തെ തിരികെ നല്കിയ മഹാ ഭിഷഗ്വരന് എന്ന നിലയില്‍. കേരളത്തിലോ, ഭാരതത്തിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഖ്യാതി. കടലേഴും കടന്ന് ആ പെരുമ ലോകമൊട്ടാകെ വ്യാപിച്ചു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് ഏറെ സുപരിചിതം. സാധാരണക്കാര്‍ക്കിടയില്‍ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂട്ടിനെക്കുറിച്ചുണ്ടായിരുന്ന കാഴ്ച്ചപ്പാടുതന്നെ അദ്ദേഹം പൊളിച്ചെഴുതി. മെഡിക്കല്‍ രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. വിദേശത്തുനിന്ന് വന്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ചു. ഇതോടെ കുറഞ്ഞ വിലയ്ക്ക് ഭാരതത്തിലും ഹൃദയ വാല്‍വുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു. രാജ്യത്തിന്റെ ഹൃദയാരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയ വാല്‍വ് ഏകദേശം ഒരു ലക്ഷത്തില്‍ അധികം രോഗികളില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
രക്തബാഗുകള്‍ നിര്‍മിച്ച് വ്യാപകമാക്കിയതാണ് മറ്റൊരു സുപ്രധാന നേട്ടം. മാവേലിക്കരയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചു.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടി. ഇവിടുത്തെ ആദ്യ ബാച്ചുകാരിലൊരാളാണ് ഡോ. വല്യത്താന്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂളിലായിരുന്നു എംഎസ് പഠനം.
1960 ല്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദവും നേടി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യുഎസ്എയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റി ആശുപത്രികളില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടി. ഹോപ്കിന്‍സിലെ ഡോക്ടര്‍മാരായ വിന്‍സെന്റ് ഗോട്ട്, ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ ചാള്‍സ് ഹഫ്നഗല്‍ എന്നിവരുടെ ഫെലോ ആയി ജോലി ചെയ്തു.
1972 ല്‍ ഭാരതത്തിലേക്ക് മടങ്ങി. ന്യൂദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശികളായ ഡോക്ടര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അമേരിക്ക വിട്ടുപോകുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. കേരള സര്‍ക്കാരില്‍ നിന്നു ലഭിച്ച ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെത്തി. സി.അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. അതിന്റെ സാക്ഷാത്കാരത്തിനായി പൂര്‍ണ്ണ സ്വാതന്ത്ര്യം വല്യത്താനു നല്കി. ആശുപത്രി യാഥാര്‍ത്ഥ്യമായി, 1976 ല്‍. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി എന്ന പേരില്‍ ആശുപത്രി പ്രസിദ്ധമായി. 20 വര്‍ഷം ശ്രീ ചിത്രയില്‍ ഡോ.വല്യത്താന് സേവനം അനുഷ്ഠിച്ചു. ചികിത്സാ ഗവേഷണ രംഗങ്ങളില്‍ രാജ്യത്തെ മികച്ച സ്ഥാപനമായി ശ്രീ ചിത്ര വളര്‍ന്നു.
തുടര്‍ന്ന് 1994 ല്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോള്‍ ആദ്യ വൈസ് ചാന്‍സലറായി ചുമതലയേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു. അനേകം ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. 1990 ല്‍ പത്മഭൂഷണും 2005 ല്‍ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: