ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം സിപിഎം നേതൃത്വം വലിയ ആശയക്കുഴപ്പത്തിലും അമര്‍ഷത്തിലുമാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ഭരണപരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മുസ്ലിം പ്രീണനവും നേതാക്കളുടെ അഴിമതികളും അണികളുടെ അക്രമങ്ങളുമാണെന്ന വസ്തുത അംഗീകരിക്കാതെ എസ്എന്‍ഡിപി യോഗത്തിനും അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ നിരന്തരം കടന്നാക്രമണം നടത്തുകയാണ് സിപിഎം നേതൃത്വം. ഇതിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പത്തനംതിട്ടയില്‍ കെഎസ്‌കെടിയു സമ്മേളനത്തില്‍ നടത്തിയിരിക്കുന്ന ശകാരവും ഭീഷണിപ്പെടുത്തലും. വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ ഹിന്ദുത്വ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണെന്നും, ഈ നീക്കത്തെ ഇടതുപക്ഷം അതിശക്തമായി എതിര്‍ക്കണമെന്നുമാണ് ഗോവിന്ദന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഭാര്യ ആലപ്പുഴയില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തി, സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫിനു ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ഈഴവ വോട്ടുകള്‍ നല്ലൊരു ശതമാനം ബിഡിജെഎസ് വഴി ബിജെപിയിലെത്തി എന്നൊക്കെയാണ് എം.വി. ഗോവിന്ദന്‍ പരാതിപ്പെടുന്നത്. അതേസമയം ഇതേ നാവുകൊണ്ടുതന്നെ പത്തൊന്‍പത് മണ്ഡലങ്ങളിലും തോറ്റെങ്കിലും എല്‍ഡിഎഫിന്റെ വോട്ടിങ് ശതമാനം വര്‍ധിച്ചുവെന്നാണ് ഗോവിന്ദന്റെ കണ്ടുപിടുത്തം! വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളെ പിന്തുണയ്‌ക്കുന്നവരാണ് കേരളത്തിലെ എണ്‍പത് ശതമാനം ജനങ്ങളുമെന്നാണ് ഈ നേതാവിന്റെ അവകാശവാദം!!
പ്രത്യയശാസ്ത്ര വിശാരദനെന്ന മട്ടില്‍ വിഡ്ഢിത്തം വിളമ്പുന്നയാളെന്ന പ്രതിച്ഛായ ഇപ്പോള്‍ തന്നെ ഗോവിന്ദനുണ്ട്. സില്‍വര്‍ലൈന്‍ കൊണ്ടുവരുന്നത് കണ്ണൂരിലെ സ്ത്രീകള്‍ക്ക് എറണാകുളത്ത് അപ്പം കൊണ്ടുവന്ന് വില്‍ക്കുന്നതിനാണെന്ന ഈ നേതാവിന്റെ വിശദീകരണം കുപ്രസിദ്ധമാണല്ലോ. എന്നാല്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്ന രീതി ഇതില്‍പ്പെടുത്താനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ തുടങ്ങിയതാണ് എസ്എന്‍ഡിപിക്കും വെള്ളാപ്പള്ളിക്കുമെതിരായ സിപിഎം നേതാക്കളുടെ കുതിരകയറ്റം. പാര്‍ട്ടിയുടെ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്വം വെള്ളാപ്പള്ളി നടേശനില്‍ വച്ചുകെട്ടാനുള്ള ശ്രമം നടന്നു. പാര്‍ട്ടിയുടെ ഈഴവ വോട്ടുകള്‍ ചോര്‍ന്നു, അത് ബിജെപിക്കു പോയി എന്നാണ് സിപിഎം പറഞ്ഞുകൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപിയാണ് ഇതിന് ഉത്തരവാദിയത്രേ. ഈഴവ സമുദായത്തിന്റെ വോട്ടില്‍ സിപിഎമ്മിന് അട്ടിപ്പേറവകാശമൊന്നും ആരും പതിച്ചുനല്‍കിയിട്ടില്ല. വ്യക്തികളെന്ന നിലയ്‌ക്കും പൗരന്മാരെന്ന നിലയ്‌ക്കും ഏത് തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈഴവസമുദായത്തില്‍പ്പെട്ടവര്‍ക്കുണ്ട്. ഇതിന് മുന്‍പും ഈഴവ സമുദായം മാറിച്ചിന്തിച്ചതുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ തോറ്റ ചരിത്രമുണ്ട്. സിപിഎമ്മിന് അന്നൊന്നുമില്ലാത്ത രോഷപ്രകടനം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണ്? ബിജെപിക്ക് വോട്ടു ചെയ്തതാണെങ്കില്‍ അതിനും സിപിഎമ്മിന്റെ അനുമതി വേണ്ട. എകെജി സെന്ററിലെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഈഴവരടക്കമുള്ള പിന്നാക്ക സമുദായങ്ങളെ നിയന്ത്രിക്കാമെന്ന വ്യാമോഹം ഇനിയുള്ള കാലം സിപിഎമ്മിനു വേണ്ട.
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ഈ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ ധ്രുവീകരണമാണ്. കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെപ്പോലും കടത്തിവെട്ടുന്ന മുസ്ലിംപ്രീണനമാണ് സിപിഎം നടത്തിയത്. ദേശീയതലത്തില്‍ സിപിഎം ഒന്നുമല്ലെന്ന് അറിയാവുന്ന മുസ്ലിങ്ങള്‍ പാര്‍ട്ടിയെയും മുന്നണിയെയും കയ്യൊഴിഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. പാലസ്തീനിലെ ഇസ്ലാമിക ഭീകരസംഘടനയായ ഹമാസിനെ പിന്തുണയ്‌ക്കുന്നതുള്‍പ്പെടെ അന്നത്തെക്കാള്‍ കടുത്ത പ്രീണനം നടത്തിയിട്ടും മതമൗലിക വാദികള്‍ മറുകണ്ടം ചാടി. ഇക്കാര്യം നന്നായി അറിയാമായിരുന്നിട്ടും സിപിഎമ്മിനും ഗോവിന്ദന്മാര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ സാഹചര്യം വ്യത്യസ്തമാണെന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ്. ഈഴവ സമുദായത്തെ അങ്ങനെ വിടാന്‍ സിപിഎം തയ്യാറല്ല. അവരെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് സിപിഎം തീരുമാനം. ഇതാണ് എം.വി. ഗോവിന്ദന്റെയും മറ്റും ക്ഷോഭത്തിനുകാരണം. ചരിത്ര ബോധമില്ലാത്തവരാണ് സിപിഎമ്മുകാര്‍. അധികാരപ്രാതിനിധ്യത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രശ്‌നം വരുമ്പോള്‍ ഈഴവ സമുദായത്തെ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിന്റേത്. വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മുഖ്യമന്ത്രിമാരായതുകൊണ്ട് ഇതിന് മാറ്റം വരുന്നില്ല. ഈ വസ്തുത എസ്എന്‍ഡിപിയെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ തിരിച്ചറിയുന്നതില്‍ സിപിഎം ഗര്‍വ്വിച്ചിട്ടു കാര്യമില്ല. പത്ത് വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപിസര്‍ക്കാര്‍ പിന്നാക്ക സമുദായങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് തിരിച്ചറിവ് ഈഴവ സമുദായത്തിനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: