കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45 ശതമാനം വാര്‍ഷിക വര്‍ധനയോടെ 294 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 202 കോടി രൂപയായിരുന്നു. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 490.24 കോടി രൂപയിൽ നിന്ന് 507.68 കോടി രൂപയായും വർധിച്ചു. 3.56 ശതമാനമാണ് വളർച്ച.
മൊത്ത നിഷ്ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 5.13 ശതമാനത്തില്‍ നിന്നും 63 പോയിന്റുകൾ കുറച്ച് 4.50 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 41 പോയിന്റുകൾ കുറച്ച് 1.85 ശതമാനത്തില്‍ നിന്നും 1.44 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.80 ശതമാനത്തിൽ നിന്നും 12.90 ശതമാനമായി ഉയർന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.73 ശതമാനത്തിൽ നിന്നും 1.00 ശതമാനമായും വർധിച്ചു.
അറ്റ പലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയിലെത്തി. എഴുതി തള്ളൽ ഉൾപ്പെടാതെ ഉള്ള നീക്കിയിരിപ്പനുപാതം 65.15 ശതമാനത്തിൽ നിന്നും 69.05 ശതമാനമായി ഉയർന്നു. എഴുതി തള്ളൽ ഉൾപ്പടെയുള്ള നീക്കിയിരിപ്പനുപാതം 76.54 ശതമാനത്തിൽ നിന്നും 79.22 ശതമാനമായും ഉയർന്നു.
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 28,382 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 4.87 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ 14.80 ശതമാനവുമാണ് വർധന.
വായ്പാ വിതരണത്തില്‍ 11.44 ശതമാനം വളര്‍ച്ച വാർഷികാടിസ്ഥാനത്തിൽ കൈവരിച്ചു. 74,102 കോടി രൂപയിൽ നിന്നും 82,580 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 23.48 ശതമാനം വാർഷിക വർധനയോടെ 27,522 കോടി രൂപയിൽ നിന്നും 33,984 കോടി രൂപയിലെത്തി. ഇവയിൽ എ റേറ്റിങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം വാർഷികാടിസ്ഥാനത്തിൽ 94 ശതമാനത്തില്‍ നിന്നും 96 ആയി വർധിച്ചു. വ്യക്തിഗത വായ്പകൾ 1,935 കോടി രൂപയിൽ നിന്ന് 2,312 കോടി രൂപയായും, സ്വർണ വായ്പകൾ 14,478 കോടി രൂപയിൽ നിന്ന് 16,317 കോടി രൂപയായും വർധിച്ചു. 12.70 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച.
“ബിസിനസ് വളർച്ചയ്ക്കുവേണ്ടി ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കി. കോർപ്പറേറ്റ്, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ്, ഗോൾഡ് ലോൺ തുടങ്ങി എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച ട്രാക്കുള്ള എല്ലാവർക്കും പുതിയ വായ്പകൾ അനുവദിക്കുക വഴി, ഗുണപരമായ വായ്പ്പാ വളർച്ചയിലൂടെ ലാഭം കണ്ടെത്താനും ബാങ്ക് ലക്ഷ്യമിടുന്നു.”- സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഓയുമായ പി ആർ ശേഷാദ്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: