ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്‌ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
വധശിക്ഷയുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. നിരപരാധിയെന്ന് തെളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുൽ ഇസ്‍ലാമിന് വേണ്ടി ഹരജി നൽകിയത്.
2016ല്‍ ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി ലൈംഗിക പീഡനം നടത്തി കൊലപ്പെടുത്തിയ സംഭവത്തിലെ വധശിക്ഷയ്‌ക്കാണ് താത്കാലിക സ്റ്റേ അനുവദിച്ചത്. 2017 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയാക്കി വിചാരണ കോടതി പ്രതിയെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ പ്രതിയുടെ ശിക്ഷ ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രതിയായ അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
നടന്ന കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വ്യക്തമാക്കി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടിയെ പ്രതി അപ്പീലില്‍ ചോദ്യം ചെയ്യുന്നു. പ്രതി കുറ്റക്കാരനാണെന്ന് കീഴ്‌ക്കോടതികള്‍ കണ്ടെത്തിയത് വെറും അനുമാനങ്ങള്‍ മാത്രമാണെന്നും പ്രതിയുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ ആരോപിക്കുന്നു. കേസ് വിശദമായ വാദത്തിന് കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: