ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച ഷോപ്പിങ് മാള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. സംഭവമുണ്ടായ മഗഡി റോഡിലെ ജിടി വേൾഡ് ഷോപ്പിങ് മാൾ 7 ദിവസത്തേക്ക് അടച്ചിടുമെന്ന് കര്‍ണാടക നഗരവികസന മന്ത്രി ഭൈരതി സുരേഷ് നിയമ സഭയില്‍ വ്യക്‌തമാക്കി.
മുണ്ട് ധരിച്ചെത്തിയതിനാല്‍ ഹാവേരി സ്വദേശിയായ കർഷകന് ജിടി വേൾഡ് ഷോപ്പിങ് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെ ഹാവേരി സ്വദേശിയായ നാഗരാജ് അച്‌ഛനോടൊപ്പം സിനിമ കാണാൻ ജിടി മാളിലേക്ക് പോയിരുന്നു.
പരമ്പരാഗത കർണാടക വസ്‌ത്രമാണ് കർഷകനായ പിതാവ് ധരിച്ചിരുന്നത്. എന്നാല്‍ ധോത്തി ധരിച്ചെത്തിയ നാഗരാജിന്റെ പിതാവിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാളില്‍ പ്രവേശനം നിഷേധിച്ചു. അര മണിക്കൂറിലേറെ സംസാരിച്ചിട്ടും ഇവരെ മാളിനുള്ളിൽ പ്രവേശിപ്പിക്കാൻ സുരക്ഷ ഉദ്യോഗസ്ഥര്‍ തയാറായില്ല. നാഗരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സംഭവം പങ്കുവെച്ചത്.
തുടർന്ന് മാളിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നു. വിവാദമായതോടെ മാൾ അധികൃതര്‍ കർഷകനെ വിളിച്ച് മാപ്പ് പറയുകയും ആദരിക്കുകയും ചെയ്‌തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: