രണ്ട് പതിറ്റാണ്ടോളമെത്തിയ ശേഷം കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായി കിരീടത്തില്‍ ആധിപത്യം പുലര്‍ത്തി അര്‍ജന്റീന ആഘോഷം ഇരട്ടിയാക്കിയപ്പോള്‍ ഇതിഹാസ തുല്യരായ രണ്ട് താരങ്ങളുടെ യാത്രയയപ്പിനാണ് വേദിയായത്. ഒരാള്‍ ലോക ഫുട്‌ബോളിനായി ഭൂമിയില്‍ പറന്നിറങ്ങിയ മാലാഖയാണെങ്കില്‍ മറ്റേയാള്‍ അല്‍പ്പം കണിശക്കാരനാണ്- നിക്കോളാസ് ഓട്ടോമെന്‍ഡി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ പ്രതിരോധ നിരയില്‍ കരുത്തായി അയാളുണ്ട്. റോബര്‍ട്ടോ ആയാള മുതല്‍ ഹാവിയര്‍ മസ്‌കരാനോ വരെ ഒപ്പം പൊരുതിയവര്‍ പലരും അര്‍ജന്റീനക്കായി ഒരു കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് കടന്നുപോയത്. പ്രതിഭകള്‍ വാനോളമുണ്ടായിട്ടും അവര്‍ക്കാര്‍ക്കും അതിന് സാധിച്ചില്ല.
മൂന്ന് വര്‍ഷം മുമ്പ് ബ്രസീലിലെ വിഖ്യാതമായ മാരക്കാന മൈതാനത്ത് ഒരിക്കല്‍ കൂടി ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങളുടെ കണ്ണുനീര്‍ വീണപ്പോള്‍ മറുവശത്ത് ഒരുകൂട്ടം പേരുടെ കണ്ണുകളും നനഞ്ഞു. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു കിരീടം കൈയ്യിലേന്താന്‍ സാധിച്ചതിന്റെ ആശ്വാസമായിരുന്നു അത്. അന്ന് കരുത്തന്‍ ബ്രസീലിനെതിരെ ടീമിന്റെ വിജയം കുറിച്ച ഫൈനലിലെ ഏക ഗോള്‍ നേടിയത് ലോക ഫുട്‌ബോളിലെ മാലാഖ എയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു. 15-ാം തവണ കോപ്പ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന അന്ന് ആഘോഷിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയിലെ മയാമിയില്‍ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന വീണ്ടും കോപ്പ അമേരിക്ക സ്വന്തമാക്കി കിരീട നേട്ടത്തില്‍ റിക്കാര്‍ഡിട്ടു.
കൊളംബിയയുടെ വക വലിയ പിരിമുറുക്കം സൃഷ്ടിച്ച പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിനൊടുവില്‍ അര്‍ജന്റീന നായകന്‍ പറഞ്ഞ വാക്കുപാലിച്ചു ഈ കപ്പ് ഡി മരിയയ്‌ക്കുള്ളതാണ്, അത് സാധ്യമായി. ഒട്ടോമെന്‍ഡിയും ഡി മരിയയും സ്വപ്‌ന സമാനമായ നേട്ടത്തോടെ അര്‍ജന്റീന കുപ്പായം അഴിച്ചുവച്ചുകഴിഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട കിരീടദാഹത്തിനൊടുവില്‍ ഈ ടീം തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് കിരീടങ്ങള്‍. 2021ല്‍ കോപ്പ അമേരിക്ക. 2022 അന്നത്തെ യൂറോ ജേതാക്കളായ ഇറ്റലിയെ കീഴടക്കി ഫൈനലിസിമ ജേതാക്കളായി. മാസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഫിഫ ലോക കിരീടം. ഇപ്പോഴിതാ വീണ്ടും കോപ്പ അമേരിക്ക. ഡി മരിയയെയും ഒട്ടോമെന്‍ഡിയെയും സംബന്ധിച്ച് ഇതിനേക്കാള്‍ മികച്ചൊരു വിടവാങ്ങല്‍ സ്വപ്‌നങ്ങളില്‍ മാത്രമേ ഉണ്ടാകൂ.
വിങ്ങുകളില്‍ കൂടി ആക്രമിച്ചു കയറി ഗോള്‍ നേടുന്നതില്‍ ഡി മരിയയെ കഴിഞ്ഞിട്ടേ ലോക ഫുട്‌ബോളില്‍ മറ്റ് താരങ്ങളുള്ളൂ. ഒട്ടോമെന്‍ഡിയാകട്ടെ ഇക്കാലമത്രയും പ്രതിരോധത്തില്‍ വമ്പന്‍ കോട്ടകെട്ടി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ രക്ഷകനായി പോന്നു. ഈ രണ്ട പ്രതിഭകളും അര്‍ജന്റൈന്‍ കുപ്പായത്തില്‍ ഇനിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: