തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകള്‍ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. എന്നാല്‍ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ മുഖേന പുതിയ അംഗങ്ങളെ ചേര്‍ക്കുന്നുവെന്നും കാര്‍ഡ് പുതുക്കി നല്‍കുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കാര്‍ഡ് പ്രിന്റ് ചെയ്ത് നല്കി പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു നല്‍കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നിയമ നടപടി സ്വീകരിക്കും.
പദ്ധതിയില്‍ ഗുണഭോക്താക്കളെ പുതുതായി ഉള്‍പ്പെടുത്താനോ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മറ്റു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധമായ എന്റോള്‍മെന്റ് ക്യാമ്പുകളില്‍ പങ്കെടുക്കരുത്. ഇത്തരത്തില്‍ പണം നല്കി കാര്‍ഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍നിന്നും കാര്‍ഡുകളും അനുബന്ധ സേവനങ്ങളും ചികിത്സാവേളയില്‍ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഇതുവരെ സംസ്ഥാനത്തെ 43 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ചികിത്സാ കാര്‍ഡ് ഇത്തരത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) യിലൂടെ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ ടോള്‍ ഫ്രീ നമ്പറുകളായ 1056/ 104 ല്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: