കൊച്ചി : ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെ തുട൪ന്ന് രണ്ട് വീടുകൾ പൂ൪ണമായും 71 വീടുകൾ ഭാഗികമായും തക൪ന്നു. ആലുവ, പറവൂ൪ താലൂക്കുകളാണ് വീടുകൾ പൂ൪ണമായി തക൪ന്നത്.
ജില്ലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളത് 54 പേരാണ്. പറവൂർ താലൂക്കിൽ കുറ്റിക്കാട്ടുകര ഗവണ്മെന്റ് സ്കൂളിലാണ് ക്യാമ്പ് പ്രവ൪ത്തിക്കുന്നത്. 12 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇതിൽ 22 പുരുഷന്മാരും 18 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടുന്നു. ക്യാമ്പിൽ കഴിയുന്നവരിൽ ആറു പേ൪ മുതി൪ന്ന പൗരന്മാരാണ്.
മഴയെ തുട൪ന്ന് ഓരോ താലൂക്കിലുമുണ്ടായ നാശനഷ്ടങ്ങൾ ഇപ്രകാരമാണ്
കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിൽ രണ്ട് വീടുകൾ ഭാഗികമായി തക൪ന്നു. മട്ടാഞ്ചേരിയിൽ ലീസ് ഭൂമിയിൽ നിൽക്കുന്ന പഴക്കമേറിയ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു.
മുവാറ്റുപുഴ താലൂക്കിൽ 16 വീടുകളാണ് ഭാഗികമായി തക൪ന്നത്. മൂന്ന് വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആലുവ താലൂക്കിൽ ആറ് വീടുകളാണ് ഭാഗികമായി തക൪ന്നത്. പാറക്കടവിൽ ഒരു വീട് പൂ൪ണമായി തക൪ന്നു. പാറക്കടവ് വില്ലേജ് എളവൂർ പ്രദേശത്ത് ഒന്നാം വാർഡിൽ ചുഴലിക്കാറ്റിൽ ജാതി, റബ്ബർ, തെങ്ങ്, വാഴയടക്കം നിരവധി വിളകൾ മറിഞ്ഞു വീണു വൻ നാശനഷ്ടമുണ്ടായി.
വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഒടിഞ്ഞു വീണിട്ടുണ്ട്. ചൊവ്വര വില്ലേജ് ചുള്ളിക്കാട്ട് പള്ളിയുടെ പൊതുവായ സ്ഥലത്ത് നിർമിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞു.
കോതമംഗലം താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികമായി തക൪ന്നു. കുട്ടമ്പുഴ വില്ലേജിൽ രണ്ടും പിണ്ടിമനഇൽ ഒന്നുമാണ് തക൪ന്നത്. പൂയംകുട്ടിയിൽ ഷാജി, പുളിപ്പറമ്പിൽ ഉണ്ണി എന്നിവരുടെ വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പാറപ്പുറം ജോയ്, ഇടമന രാജു എന്നിവരുടെ വീടുകളിലേക്ക് മരം വീണു ചെറിയ കേടുപാടുകൾ സംഭവിച്ചു.
കണയന്നൂ൪ താലൂക്കിൽ 13 വീടുകൾ ഭാഗികമായി തക൪ന്നു. വാഴക്കാല വില്ലേജിൽ ചെമ്പുമുക്ക് ഭാഗത്തു അയ്യനാട് എൽപി സ്കൂളിന് പടിഞ്ഞാറു വശത്തു നിന്നും വടക്കോട്ടു പോകുന്ന അസീസ്സി സ്കൂൾ റോഡിൽ തോടിനോട് ചേർന്ന് ഉദ്ദേശം 50 മീറ്ററോളം വരുന്ന ടൈൽ ഇട്ട റോഡ് ഇടിഞ്ഞു.
ജൂലൈ 15നു ൽ ഉണ്ടായ കാറ്റിൽ തിരുവാങ്കുളം വില്ലേജിൽ കൈപ്പഞ്ചേരിൽ നാരായണി എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള വീടിനു മുകളിലേക്കു പറമ്പിൽ നിന്ന പുളി മരം വീണു കിണർ ഇടിഞ്ഞു താഴ്ന്ന് ഉപയോഗ ശൂന്യമായി.
കുന്നത്തുനാട് താലൂക്കിൽ 15 വീടുകളാണ് ഭാഗികമായി തക൪ന്നത്.
പറവൂർ താലൂക്കിന് കീഴിൽ വരുന്ന 13 വില്ലേജുകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒരു വീട് പൂ൪ണമായി തക൪ന്നു. 14 വീടുകൾ ഭാഗികമായി തക൪ന്നു. രണ്ട് വീടുകൾക്ക് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: