സുനില്‍ തളിയില്‍
തിരുവനന്തപുരം: കള്ളനെ പിടിക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടി ഹീറോ ആയ രാമചന്ദ്രനെ തലസ്ഥാനവാസികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. 2009 നവംബറിലാണ് സംഭവം നടന്നത്. വൈകിട്ട് 5 മണി സമയം. രാമചന്ദ്രന് ട്രാഫിക് വാര്‍ഡനായി കിഴക്കേകോട്ടയില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയുടെ നിലവിളി കേട്ടത്. അവരുടെ മാലപൊട്ടിക്കാന്‍ ഒരു കള്ളന് ശ്രമിച്ചപ്പോഴാണ് അവര്‍ നിലവിളിച്ചത്. രാമചന്ദ്രന് ഓടി അവരുടെ അടുത്തെത്തി.
ട്രാഫിക് വാര്‍ഡന്റെ യൂണിഫോമിലായിരുന്ന രാമചന്ദ്രനെ കണ്ട് കള്ളന് ഓടി. രാമചന്ദ്രനും കൂടെ ഓടി. കണ്ടുനിന്നവരും ഒപ്പം കൂടി. തന്റെ പിന്നാലെ ഒരു ജനക്കൂട്ടം ഓടി വരുന്നത് കണ്ടകള്ളന് പഴവങ്ങാടിയിലെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എടുത്തുചാടി. മലിനജലമൊഴുകുന്ന തോട്ടില്‍ ആരും ചാടില്ലെന്ന വിശ്വാസത്തിലാണ് കള്ളന് തോട്ടിലേക്ക് ചാടിയത്. കള്ളന് തോട്ടിലേക്ക് ചാടിയപ്പോള്‍ പിന്നാലെ വന്ന ജനക്കൂട്ടം ഒന്നറച്ചു. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രാമചന്ദ്രന് ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു.
രാമചന്ദ്രന് തോട്ടില്‍ ചാടിയത് കണ്ടകള്ളന് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാമചന്ദ്രന് വിട്ടില്ല, കൂടെ നീന്തി കള്ളനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു. തിരുവല്ലം മന്നം നഗര്‍ കല്ലടഹില് ഹൗസില്‍ ഷാനവാസ് ഖാന് ആയിരുന്നു ആ കള്ളന്. ഇയാളെ പിടികൂടിയപ്പോള്‍ കരകുളം ചെക്കക്കോണം എട്ടാം മൈലില്‍ സജീവനും കൂടെയുണ്ടാായിരുന്നതായി മനസ്സിലാക്കിയ പോലീസ് അയാളെയും പിടികൂടി.
മോഷ്ടാവിനെയോ പിടിച്ചുപറിക്കാരനെയോ തന്റെ കണ്‍വെട്ടത്ത് കണ്ടാല്‍ രാമചന്ദ്രന് വിടില്ല ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കും. അതോടെ രാമചന്ദ്രന് ജനങ്ങളുടെ ഹീറോയായി. കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും പേടിസ്വപ്നവും. ഒരിക്കല്‍ രാമചന്ദ്രന് ഡ്യൂട്ടിക്കായി കിഴക്കേകോട്ടയിലേക്ക് വരികയായിരുന്നു. അപ്പോഴാണ് ബിഗ്ബസാറിന് സമീപം പഞ്ചാബ് സ്വദേശിനികളായ രണ്ട് യുവതികളെ ഒരാള്‍ ശല്യം ചെയ്യുന്നത് കണ്ടത്. യുവതികള്‍ ബഹളം വച്ചതോടെ അയാള്‍ ഓടി. ബൈക്കില്‍ നിന്നിറങ്ങി രാമചന്ദ്രന് കൂടെയോടി അര കിലോമീറ്റര്‍ അകലെ ഓവര്‍ബ്രിഡ്ജിന് സമീപം വച്ച് പിടികൂടി. നാലാഞ്ചിറ സ്വദേശിയായ സുനില്‍ദാസ് എന്ന ഗുണ്ടയെയാണ് രാമചന്ദ്രന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ 21 വയസ്സായിരുന്നു രാമചന്ദ്രന്. അന്നത്തെ കമ്മീഷണര്‍ മനോജ് എബ്രഹാമാണ് രാമചന്ദ്രനെ ട്രാഫിക് വാര്‍ഡനായി തിരഞ്ഞെടുത്തത്.
പോലീസ് സേനയില്‍ ചേരണമെന്നതായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. രാമചന്ദ്രന്റെ വീരസാഹസിക കഥകള്‍ കേട്ടറിഞ്ഞ ഭരണനേതൃത്വം പോലീസില്‍ ജോലി നല്‍കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇന്ന് രാമചന്ദ്രന് 35 വയസ് കഴിഞ്ഞു. സര്‍ക്കാരുകള്‍ മാറിമാറി വന്നു. രാമചന്ദ്രന് നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇപ്പോഴും രാമചന്ദ്രന് ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്നു. കരമന തളിയല്‍ സത്യാനഗറിലാണ് രാമചന്ദ്രന്റെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: