അഴിമതിക്കാര്‍ക്ക് ആദരം കിട്ടുന്ന കാലമാണിതെന്ന് ജി. സുധാകരന്. പാര്‍ട്ടിക്ക് നല്ല അനാരോഗ്യമുണ്ടെന്ന് തോമസ് ഐസക്. രണ്ടുപേരും പിണറായി വിജയന്റെ ആദ്യമന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. കൈപ്പുണ്ണിന് കണ്ണാടിവേണ്ടെന്ന് പറയുമ്പോലെയാണ് രണ്ടുപേരുടെയും വിലിരുത്തല്‍. കോഴിക്കോട് പിഎസ്സി കോഴക്കേസുകൂടി ഏറ്റവും ഒടുവില്‍ ഉദാഹരണമായി നില്ക്കുമ്പോള് എല്ലാം ഭംഗിയായി. അനാരോഗ്യം മാറ്റാന്‍ നല്ല ചികിത്സ ഉണ്ടാകുമെന്നാണ് തോമസ് ഐസക് പറയുന്നത്. അറുപതുവര്‍ഷങ്ങള്‍ക്കുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയ ഏറ്റവും ശോഷിച്ച പിന്തുണയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതത്രെ. ഏറ്റവും താഴ്ന്ന വോട്ടിംഗ് ശതമാനമാണ് ഇപ്പോള്‍ കിട്ടിയത്. എന്നുവച്ച് എല്ലാം തകര്‍ന്നു എന്നുപറയാന്‍ വരട്ടെയെന്നാണ് ഐസക്കിന്റെ പക്ഷം. ശക്തമായ തിരുത്തല്‍ നടത്തി പാര്‍ട്ടി തിരിച്ചുവരും. ഫ്ളോട്ടിംഗ് വോട്ടിന് പുറമെ പാര്‍ട്ടിയുടെ അടിത്തറയും തകര്‍ന്നിട്ടുണ്ട്. അതുമാറ്റാനുള്ള ചികിത്സയ്ക്ക് ശേഷി പാര്‍ട്ടിക്കില്ലെന്നുവേണം കരുതാന്‍. പാര്‍ട്ടി പറ്റിച്ചു എന്ന ബോധം വളര്‍ന്നു. തുടര്‍ന്ന് പാര്‍ട്ടിയെ പാഠം പഠിപ്പിച്ചു.
ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ പ്രസക്തി അശേഷം ഇല്ലാതായി എന്ന സത്യം ജനം നന്നായി തിരിച്ചറിഞ്ഞു. മതേതരത്വം സംരക്ഷിക്കാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കും ഇടതുപക്ഷത്തിനും വയ്യാതായി. വര്‍ഗീയതയുടെ തടവറയില്‍ കഴിയുന്ന പാര്‍ട്ടി എങ്ങനെ മതേതരത്തം കാക്കുമെന്ന ചിന്തയാണ് അണികളില്‍ ശക്തമായിട്ടുള്ളത്. പാലസ്തീന് സിന്ദാബാദ് വിളിക്കുന്ന പാര്‍ട്ടിക്കെങ്ങനെ ദേശീയപാര്‍ട്ടിയാണെന്ന് പറയാന്‍ കഴിയുമെന്ന ചോദ്യമാണ് പരക്കെ. മുസ്ലീംലീഗ് എങ്ങനെ ചിന്തിക്കണം, പെരുമാറണം എന്ന് പഠിപ്പിക്കാന്‍ വ്യാകരണം നിരത്തുന്ന കക്ഷിയായി സിപിഎം മാറിയിരിക്കുന്നു. പണ്ട് ഇഎംഎസ് മുസ്ലീംലീഗിനെ വിളിച്ചത് വര്‍ഗീയ പാര്‍ട്ടിയെന്നാണ്. എന്നാല്‍ അതേ ഇഎംഎസ് തന്നെ മുസ്ലീംലീഗുമായി മുന്നണി ഉണ്ടാക്കിയില്ലെ എന്ന ചോദ്യം ഉയരുന്നുണ്ട്. അന്നത്തെ ലീഗും ഇന്നത്തെ ലീഗും തമ്മില്‍ എന്താണ് മാറ്റം എന്നുചോദിച്ചാല്‍ എന്താണ് ഉത്തരം. ഒന്നുമില്ല എന്നുതന്നെ. അങ്ങനെയുള്ളവരും അതിനേക്കാള്‍ തീവ്രതയുള്ളവരുമായി കെട്ടിപ്പിടിക്കുന്ന പാര്‍ട്ടിക്ക് വര്‍ഗീയത എന്നാക്ഷേപിക്കുന്നത് ഹിന്ദുക്കളെ മാത്രമാണെന്ന് തിരിച്ചറിയാന്‍ എന്താണ് പ്രയാസം.
ഐസക് പറയുന്ന ചികിത്സ എന്താകും? തിരുത്തലുകളാണോ? ആര്‍ക്കാണ് തിരുത്തല്‍ നടത്താന്‍ കഴിയുക. പിണറായിക്കോ? തിരുത്തണമെന്ന് പറയാന്‍ ആര്‍ക്കാണ് നാവുപൊങ്ങുക? എല്ലാം കണ്ടും കേട്ടും സഹിച്ചും കഴിഞ്ഞുകൂടുക. അതല്ലെ നടക്കൂ. മുഖ്യമന്ത്രിയുടെ ഓമനയായി ഇപ്പോള്‍ കഴിയുന്നത് മരുമകന് മന്ത്രിയാണ്. മകള്‍ കഴിഞ്ഞിട്ടല്ലെ മരുമകന്. മകളുടെ അഴിമതിക്കഥ നാട്ടില്‍ പാട്ടാണല്ലോ. അതിനെക്കുറിച്ചൊരക്ഷരം അനുകൂലമായോ പ്രതികൂലമായോ പറയാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി തയ്യാറായോ? ഇപ്പോഴിതാ മരുമകന്റെ പേരിലും കോഴവിവാദം വന്നിരിക്കുന്നു. ഇതൊക്കെ സ്വാഭാവികം എന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മരുമകന്റെ പേരിലെ കോഴക്കേസിതാ പുതിയ രൂപത്തിലെത്തിയിരിക്കുകയുമാണ്. കോഴ വാങ്ങി എന്ന പരാതി പേറുന്ന കോഴിക്കോട് ഏരിയാകമ്മിറ്റി അംഗം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും സിഐടിയു നേതൃത്വവുമായി നല്ല ബന്ധത്തിലാണ്. അയാളെ ഇപ്പോള്‍ സിപിഎം പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കിയതിന് കാരണം തേടിയാണ് പ്രമോദ് കോട്ടൂളി സത്യഗ്രഹത്തിന് തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയാണെങ്കില്‍ കൈക്കൂലി കേസിലാണ് പുറത്താക്കിയതെന്ന് പറഞ്ഞിട്ടുമില്ല. എല്ലാം ഒത്തുകളി. ഇവിടെയാണ് ജി. സുധാകരന് പറഞ്ഞ കോഴക്കേസിന്റെ പ്രസക്തി.
അഴിമതിക്കാര്‍ക്ക് ആദരം കിട്ടുന്ന കാലമാണിതെന്ന് അറിയത്തയാളല്ല മുന്‍ മന്ത്രി ജി.സുധാകരന്. കൈക്കൂലിവാരിക്കൂട്ടാന്‍ നല്ല കോപ്പുള്ള വകുപ്പായിരുന്നല്ലൊ ഭരിച്ചത്. പൊതുമരാമത്ത് വകുപ്പോളം കൈക്കൂലി കിട്ടുന്ന വകുപ്പേതാണുള്ളത്? എന്നിട്ടും കാശുവാങ്ങാതെ ഭരണം നടത്തണമെങ്കില്‍ ചില്ലറ ധൈര്യം മതിയോ? പക്ഷേ ധൈര്യമേ ഉണ്ടാവുകയുള്ളൂ. വകുപ്പിന്റെ ഭരണം നഷ്ടപ്പെട്ടു. മരുമകനാണ് നല്ലതെന്ന് പിണറായിക്ക് തോന്നിയാലെന്തുചെയ്യും? പൊതുഖജനാവില്‍ നിന്ന് ചെലവാക്കുന്ന പണത്തിന്റെ സിംഹഭാഗവും അഴിമതിക്കാരുടെ കൈകളിലെത്തുന്നു. അഴിമതിക്കാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും ലഭിക്കുമ്പോള്‍ അഴിതിക്കെതിരെ ശക്തമായി പെരുമാറുന്നവര്‍ക്ക് രക്ഷകിട്ടുമോ?
മൂന്നാവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയ നരേന്ദ്രമോദിക്കെതിരെ ശക്തമായി ഉയര്‍ത്താന്‍ ഒരു അഴിമതിക്കേസു പോലുമില്ല. 10 വര്‍ഷത്തനിടയില്‍ ലക്ഷക്കണക്കിന് കോടി രൂപ ചെലവാക്കിയില്ലെ. എന്നിട്ടും ഒരാക്ഷേപവും ഉന്നയിക്കാനായിട്ടില്ല. അതിനുമുന്‍പത്തെ ഭരണം എങ്ങിനെയായിരുന്നു? ആകാശവും ഭൂമിയും പാതാളവും അഴിമതിയുടെ കേളീനിലമാക്കിയില്ലെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍. ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതിക്കഥകളായിരുന്നില്ലെ പുറത്തുവന്നത്. ആ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മത്സരിച്ചവരല്ലെ ഇന്ന് ഇന്‍ഡിമുന്നണിയായി പോരിന് ഇറങ്ങിയിട്ടുള്ളത്. ആരിറങ്ങിയാലും അതെല്ലാം നരേന്ദ്രമോദിക്ക് മുമ്പില്‍ നിഷ്ഫലമാവുകയാണ്.
സിപിഎമ്മില്‍ അഴിമതിയും തമ്മില്‍തല്ലും കലശലാണെങ്കില്‍ അതിനേക്കാള്‍ വലുതാണ് സിപിഐയിലെ പ്രശ്നങ്ങള്‍. കേരളത്തില്‍ ഒരുകാലത്ത് അണികളധികവും സിപിഎമ്മിനൊപ്പവും നേതൃനിര ഒന്നടങ്കം സിപിഐയും എന്നൊരു വിലയിരുത്തലുണ്ടായിരുന്നു. അച്യുതമേനോനും ടി.വി.തോമസും എം.എന്‍. ഗോവിന്ദന് നായരും പി.എസ്.ശ്രീനിവാസനുമടക്കമുള്ള നേതൃനിരയെ ചൂണ്ടിക്കാട്ടാനുണ്ടായിരുന്നു. ഇതാകട്ടെ വലിയ ദുര്‍ഘടമാണ് ആ പാര്‍ട്ടിക്ക്. തന്നെപ്പൊക്കി നേതൃത്വം കൊണ്ടു പൊറുതിമുട്ടി. ബിനോയ് വിശ്വമാണ് സംസ്ഥാന സെക്രട്ടറി എന്നാകുമ്പോള്‍ അതില്‍ തന്നെയല്ലെ മറ്റുള്ളവരെല്ലാം. ബിനോയ് ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പ്രകാശ് ബാബു വരുമെന്ന് കേട്ടിരുന്നു. പക്ഷേ ബിനോയ് പ്രകാശിനെ വെട്ടി. കേന്ദ്ര സെക്രട്ടേറിയറ്റിലിരുത്തുമെന്നും കേട്ടതാണ്. അതും ഇല്ല. ആ സ്ഥാനത്തേക്ക് ആനിരാജയെ കുടിയിരുത്തി. ജനറല്‍ സെക്രട്ടറി ഡി. രാജന്റെ ഭാര്യ. വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍.
കണ്ണൂരിലെ ഇരിട്ടിസ്വദേശിയാണ് ആനി. വിദ്യാര്‍ഥി യുവജനനേതാവായിരിക്കെ ഡി.രാജയും ആനിയും വിവാഹിതരായി. ആനിരാജയെ നിശ്ചയിച്ചത് കീഴ്വഴക്കം പാലിച്ചുകൊണ്ടെന്ന് പറയുന്ന ബിനോയ് വിശ്വം പക്ഷേ, പ്രകാശ് ബാബുവിനെ തഴഞ്ഞതിന് മാത്രം കാരണം പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: