തിരുവനന്തപുരത്ത് മാലിന്യം നീക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയ കരാര്‍ തൊഴിലാളിയുടെ ദാരുണ മരണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജോയി എന്ന പാവപ്പെട്ട കരാര്‍ തൊഴിലാളി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു കീഴെയുള്ള തുരങ്കത്തില്‍ കുടുങ്ങി, മാലിന്യത്തില്‍ മുങ്ങി ശ്വാസംകിട്ടാതെ മരിക്കുകയാണുണ്ടായത്. ജോയിയെ ജീവനോടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും, മൂന്നു ദിവസം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ജീവിക്കാന്‍ വേണ്ടി ഒരു മനുഷ്യന് ഇക്കാലത്ത് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത് കഷ്ടമെന്നേ പറയാനാവൂ. മാറിയ കാലത്ത് ഓടകളിലിറങ്ങിയും മറ്റും മാലിന്യം വാരേണ്ടത് മനുഷ്യന് ചെയ്യേണ്ട ജോലിയല്ല. തോട്ടിപ്പണി നിര്‍ത്തലാക്കിയതുപോലെ ഇതും മനുഷ്യന് ചെയ്യുന്നത് അവസാനിപ്പിക്കണം. റോബോട്ടുകളെ ഉപയോഗിക്കുകയും, മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്. ഇതിനെക്കുറിച്ചൊന്നും പഠിക്കാതെയും യാതൊന്നും ചെയ്യാതെയും ആലോചിക്കാന്‍പോലും തയ്യാറാവാതെയും ഭരണാധികാരികള്‍ വിലസുമ്പോള്‍ ഒരു ചാണ് വയറിനുവേണ്ടി എന്തും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഹതഭാഗ്യരായ മനുഷ്യരുടെ ഗതികേടിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചേ തീരൂ. സമ്പത്തും അധികാരവുമുള്ളവര്‍ക്കു മാത്രമാണ് അന്തസ്സായി ജീവിക്കാന്‍ അര്‍ഹതയുള്ളൂവെന്നും, ഇതൊന്നുമില്ലാത്തവര്‍ വെറും കീടങ്ങളാണെന്നും കരുതുന്ന വരേണ്യസങ്കല്‍പ്പം പൊളിച്ചെഴുതേണ്ടതുണ്ട്. കുറച്ചുവര്‍ഷം മുന്‍പ് ശുചീകരണത്തൊഴിലാളികളുടെ ദുരിത ജീവിതം ചിത്രീകരിക്കുന്ന ‘മാന്‍ഹോള്‍’ എന്നൊരു സിനിമയിറങ്ങിയിരുന്നു. സിനിമയെ പലരും വാഴ്ത്തിപ്പാടിയെങ്കിലും ഭരണാധികാരികളുടെയും സമൂഹത്തിന്റെയും മനസ്സ് മാറിയിട്ടില്ല.
തലസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു ദാരുണസംഭവമുണ്ടാകുന്നു, ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേഷനും റെയില്‍വെയും പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് പ്രശ്നപരിഹാരമാകുന്നില്ല. മാന്‍ഹോളിലിറങ്ങിയ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം റെയില്‍വെക്കാണെന്ന് കുറ്റപ്പെടുത്തുന്ന കോര്പ്പറേഷന് കണ്ണടച്ചിരുട്ടാക്കുകയാണ്. റെയില്‍വെ പ്ലാറ്റ്ഫോമിനു താഴെയുള്ളത് ചെറിയൊരു തുരങ്കം മാത്രമാണ്. ആമയിഴഞ്ചാന്‍ തോടിന്റെ നീളം ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. റെയില്‍വേ മാലിന്യം മാത്രമല്ല ഈ തോട്ടിലൂടെ ഒഴുകുന്നത്. അപ്പോള്‍ റെയില്‍വെയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഇവിടെ അടിസ്ഥാനപരമായ പ്രശ്നം മാലിന്യനീക്കത്തിന്റേതാണ്. തിരുവനന്തപുരം കോര്പ്പറേഷന് വേണ്ടവിധം ഇതുചെയ്യുന്നില്ല. തലസ്ഥാന നഗരത്തിലെ മാലിന്യനീക്കത്തിന് അനുവദിച്ച തുകയില്‍ ചെറിയ ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. തുക മുഴുവന്‍ ചെലവഴിച്ച് മാലിന്യം നീക്കാതിരുന്നത് റെയില്‍വേയുടെ കുറ്റംകൊണ്ടാണോ? ഇതിന് മറുപടി പറയാനുള്ള ബാധ്യത കോര്പ്പറേഷന് ഭരിക്കുന്നവര്‍ക്കുണ്ട്. അത് ചെയ്യാതെ ഒരു പാവം മനുഷ്യനെ കൊലയ്ക്കു കൊടുത്തിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ദുഃഖം അഭിനയിക്കുന്നതും കണ്ണീര്‍വാര്‍ക്കുന്നതും തരംതാണ നടപടിയാണ്. കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്ന്ന് പിടിച്ച് ഡ്രൈവറെ ചട്ടം പഠിപ്പിക്കുന്നതിലല്ല, മാലിന്യനീക്കം പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സാമര്‍ത്ഥ്യം കാണിക്കേണ്ടത്.
മാലിന്യ നിര്‍മാര്‍ജനം സാമൂഹ്യജീവിതത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലാവുമ്പോള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെയും മേയറുടെയും അനാസ്ഥയും കെടുകാര്യസ്ഥയുമാണ് ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവനെടുത്തിരിക്കുന്നത്. അസ്ഥാനത്തെ സമ്പത്താണ് മാലിന്യമെന്നു പറയാറുണ്ട്. അത് ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുകയും വേണം. അധികൃതരുടെ വീഴ്ച കൊണ്ടുമാത്രമാണ് ഇത് സംഭവിക്കാത്തത്. മഴക്കാല പൂര്‍വ ശുചീകരണം എന്നൊന്നുണ്ട്. മഴയെത്തുന്നതിനു മുന്‍പാണ് ഇത് നടക്കേണ്ടത്. യഥാസമയം ഇത് ചെയ്യാത്തതിനാല്‍ മഴ വരുമ്പോള്‍ പലയിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളെക്കൊണ്ട് ഓടകള്‍ നിറയുന്നു. ചുറ്റുപാടുകള്‍ ദുര്‍ഗന്ധപൂരിതമാവുകയും, രോഗാണുക്കള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. കേരളം പനിക്കിടക്കയിലാവുന്നു. വര്‍ഷംതോറും മുറതെറ്റാതെ സംഭവിക്കുന്ന ഒന്നാണ് ഇതെങ്കിലും കേരളം കാലങ്ങളായി ഭരിക്കുന്നവര്‍ ഇതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. മാലിന്യം നീക്കം ചെയ്യുന്നതിലുള്ള അനാസ്ഥയാണ് തിരുവനന്തപുരത്ത് ശുചീകരണത്തൊഴിലാളിയുടെ ജീവനെടുത്തിരിക്കുന്നത്. ഒരു കണക്കിന് ഇതൊരു നരഹത്യ തന്നെയാണ്. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം. കോടതിയുടെ ഇടപെടലുണ്ടാവണം. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണം. മരിച്ച ജോയിയുടെ കുടുംബത്തെ എല്ലാ നിലയ്ക്കും സംരക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: