കളമശ്ശേരി: ഭൂമാഫിയയുടെ ഭീഷണി ഭയന്ന് സ്വന്തം വീട്ടിലേക്ക് പോകാനാകാതെ ആശുപത്രി മുറി അഭയകേന്ദ്രമാക്കി കുടുംബം. മസ്തിഷ്കാഘാതം വന്ന് ഗുരുതരാവസ്ഥയില്‍ നാല് മാസമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ് സിപിഎം കളമശ്ശേരി മുന്‍ ഏരിയ കമ്മിറ്റിയംഗമായ പള്ളിലാംകര റോക്വെല് റോഡില്‍ പെരുംപിള്ളില് പി.വി. ജോഷി.
ഭൂമാഫിയ ഭീഷണി മൂലം ഭാര്യ മിനിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അത്യാവശ്യത്തിനു പോലും സ്വന്തം വീട്ടിലേക്ക് പോകാന്‍ ഭയക്കുകയാണ്. വീട് അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നോട്ടമില്ലാതെ ചെടികള്‍ നശിച്ചു തുടങ്ങി. ഒരേക്കറോളം വരുന്ന പെരുമ്പിള്ളിത്താഴം നെല്വയലിന്
സമീപമാണ് ജോഷിയുടെ വീട്. പാടശേഖരം റിയല്‍ എസ്റ്റേറ്റ് മാഫിയ മണ്ണിട്ട് ഉയര്‍ത്തിയപ്പോഴുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കണ്ടുപിടിച്ച എളുപ്പവഴിയാണ് ജോഷിയുടെ പറമ്പിലൂടെ ചാലുകീറുകയെന്നത്. മുമ്പുണ്ടായിരുന്ന തോട് ജോഷി നികത്തിയതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് മുനിസിപ്പാലിറ്റി ന്യായീകരിക്കുമ്പോള്‍ ഇവിടെ തോടുണ്ടായിരുന്നില്ലെന്നാണ് റവന്യൂ സര്‍വേ വകുപ്പുകളുടെ റിപ്പോര്‍ട്ട്.
ജോഷിയുടെ ഹര്‍ജി ഗവ. പ്ലീഡറുടെ റിപ്പോര്‍ട്ടിനായി ഹൈക്കോടതി അവധിക്ക് വച്ചതിനിടെയാണ് േെമയ് 28ന് മതില്‍പൊളിച്ച് ചാലുകീറിയത്.
വിഷയത്തില്‍ സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ല. എംഎസ് ട്രേഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ യാസര്‍ റഫാത്തിന്റെയും കൗണ്‍സിലര്‍ ടി.എം. അസൈനാരുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് വീട്ടുകാര്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജെസിബി ഉപയോഗിച്ച് മതില് പൊളിച്ച് ചാലുകീറിയതെന്ന് ജോഷിയുടെ ഭാര്യ മിനി ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും സിവില്‍ കേസുള്ളതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്. ഫാക്ട് റിട്ട. ജീവനക്കാരനാണ് 68കാരനായ ജോഷി. പുഞ്ചപ്പാടം നികത്തലുമായി ബന്ധപ്പെട്ട് നിരന്തരമായ വേട്ടയാടലുകളെ തുടര്‍ന്നാണ് ജോഷി തളര്‍ന്ന് വീണതെന്ന് ഭാര്യയും മക്കളും പറഞ്ഞു.
ഹൈക്കോടതിയിലും സെഷന്‍സ് കോടതിയിലുമായി കേസ് നടക്കുകയാണ്. വിഷയത്തില്‍ ഹിന്ദുഐക്യവേദി നേതാക്കള്‍ ഇടപെട്ടിരിക്കുകയാണ്. സംഘടനാ നേതാക്കളായ ഹിന്ദുഐക്യവേദി ആലുവ താലൂക്ക് സംഘടന സെക്രട്ടറി ബേബി, കളമശ്ശേരി മുനിനിസിപ്പല്‍ പ്രസിഡന്റ് നളിനാക്ഷന്, ഗിരീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: