Kerala

നമുക്ക് അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം….കക്കാടിന്റെ 97ാം ജന്മദിനത്തിന് കവിയുടെ ആര്‍ദമായ ഓര്‍മ്മകളുമായി ഭാര്യ ശ്രീദേവി കക്കാട്

കാലത്തിന്‍റെ അനന്തതയും ജീവിതത്തിന്‍റെ നൈമിഷികതയും തന്‍റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്‍റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

തിരുവനന്തപുരം: കാലത്തിന്റെ അനന്തതയും ജീവിതത്തിന്റെ നൈമിഷികതയും തന്റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

എന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി കവിതയുടെ അമൃത് മലയാളി വായനക്കാര്‍ക്ക് അദ്ദേഹം നല്‍കി. അതില്‍ എടുത്തുപറയേണ്ട കവിത ‘സഫലമീയാത്ര’. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് മുന്നില്‍ ആസന്നമരണത്തിന്റെ കരിനിഴല്‍ കാണുമ്പോഴും പ്രിയസഖിയോടൊത്തുള്ള ജീവിതം സഫലമീയാത്രയാണെന്ന് പ്രഖ്യാപിക്കുകയാണ്.

ആ സഫലമീയാത്ര എഴുതിയിട്ട് 42 വര്‍ഷമായിട്ടും അതിന്നും മലയാളിയുടെ ഓര്‍മ്മകളെ ധന്യമാക്കുന്നു. ആ കവിതയില്‍ രോഗാതുരനായ കവി ഭാര്യയോട് പറയുന്നു:
“ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ,
നീയെന്നണിയത്തു ചേര്‍ന്ന് നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്ക
നമുക്കന്യോന്യം ഊന്നുവടികളായ് നില്‍ക്കാം”.

ശ്രീദേവി കക്കാടാണ് ആ ജീവിതസഖി. പാലക്കാട് ജില്ലയില്‍ കാറല്‍ മണ്ണയില്‍ കീഴെ നരിപ്പറ്റ ശങ്കരനാരായണ്‍ നമ്പൂതിരിയുടെയും നീലി അന്തര്‍ജ്ജനത്തിന്റെയും മകളായി 1935 മാര്‍ച്ച് ഒന്നിന് ശ്രീദേവി ജനിച്ചു. തന്റെ 20ാം വയസ്സില്‍ എന്‍.എന്‍. കക്കാട് എന്ന കവിയെ വരിച്ചു. ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. ആത്മകഥയില്‍ പെടുത്താവുന്ന മൂന്ന് പുസ്തകങ്ങള്‍ ശ്രീദേവി എഴുതി. ആര്‍ദ്രമീധനുമാസരാവില്‍, വാമപക്ഷത്ത് ഒരാള്‍, ഓര്‍മ്മകളുണ്ടായിരിക്കണം എന്നിവ. എന്‍.എന്‍. കക്കാടുമൊത്തുള്ള ജീവിതമാണ് ആര്‍ദ്രമീധനുമാസരാവില്‍.

കക്കാടിന്റെ സഫലമീയാത്രയിലെ ആദ്യ വരിയിലെ ഒരു ഭാഗം.
“ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ….”

ആര്‍ദ്രമീധനുമാസരാവില്‍ എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രീദേവി കക്കാട് പറയുന്നത് കവിയെക്കുറിച്ച്, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് തനിക്ക് മാത്രം പറയാനുള്ള കുറച്ചു കാര്യങ്ങളുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മകഥാംശമുള്ള പുസ്തകം പിറന്നത്. പലപ്പോഴായി കക്കാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും എഴുതിയ കുറിപ്പുകളാണ് പിന്നീട് ഒരു പുസ്തകത്തിലേക്ക് നയിച്ചത്.

ശ്രീദേവിയോടൊത്തുള്ള ജീവിത യാത്രയെ കക്കാട് തന്റെ ‘സഫലമീയാത്ര’ എന്ന കവിതയില്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരം:
“പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും, മുപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍”

സഫലമീയാത്ര എന്ന കവിത എഴുതിയപ്പോള്‍ ലോകം തന്നെ ശ്രദ്ധിച്ചുവെന്ന് കക്കാട് ശ്രീദേവിയോട് പറയുമായിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ കവിയെത്തേടി എത്തിയത് ഈ കവിതയിലൂടെയാണ്. കക്കാടിന്റെ ‘വജ്രകുണ്ഡലം’ എന്ന കവിത മാസ്റ്റര്‍പീസ് കവിതയാണെന്ന് ശ്രീദേവി കക്കാട് പറയുന്നു. പാശ്ചാത്യകാവ്യമാതൃകകളെ പിന്തുടര്‍ന്ന് എഴുതിയ കവിതയാണ് വജ്രകുണ്ഡലം.

രാത്രിയാമങ്ങളിലാണ് കക്കാട് കവിത എഴുതുക. പ്രകൃതി നിശ്ശബ്ദമാവുന്ന യാമങ്ങളില്‍. ചിലപ്പോള്‍ പുലരും വരെ എഴുതുമെന്നും കവിയുടെ എഴുത്തിനെക്കുറിച്ച് ശ്രീദേവി കക്കാട്. പിറന്നുവീണ ഈ കുഞ്ഞിനെ ആദ്യം കാണിക്കുക ഭാര്യയെത്തന്നെ. അവര്‍ വായിച്ച ശേഷം ചില അഭിപ്രായങ്ങള്‍ പറയും. പിന്നീട് കക്കാട് വെട്ടും തിരുത്തും കുറെ നടത്തും. അറുപത് വരിക്കവിതയെ ആറു വരിയാക്കല്‍ എന്നാണ് ഈ വെട്ടും തിരുത്തിനെ കക്കാട് അല്‍പം നര്‍മ്മത്തോടെ പറയുകയെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

1981ല്‍ സഫലമീയാത്ര എഴുതുമ്പോള്‍ തന്നെ അര്‍ബുദം ബാധിച്ചതായി കവിയ്‌ക്ക് സംശയമുണ്ടായിരുന്നെങ്കിലും ഭാര്യയെ അറിയിച്ചില്ല. വെട്ടും തിരുത്തും കഴിഞ്ഞ് 1982ല്‍ കവിത പ്രസിദ്ധീകരിക്കുമ്പോഴേക്കും അദ്ദേഹം അര്‍ബുദമാണ് തന്നെ ബാധിച്ച രോഗമെന്നറിഞ്ഞുകഴിഞ്ഞിരുന്നെന്നും അതിനാലാകാം കവിതയ്‌ക്ക് രോഗാവസ്ഥയുടെ ഒരു മാനം കൂടി മാനം നല്‍കിയതെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക