കോഴിക്കോട്: പിഎസ്സി കോഴക്കേസില്‍ സിപിഎമ്മിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോഴ കൊടുത്തെന്ന് പരാതിപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരനെന്ന് കരുതപ്പെട്ടിരുന്ന ശ്രീജിത്ത് പ്രതികരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. ഇല്ലാത്ത പരാതിയില്‍ എന്തിന്, ആര്‍ക്കുവേണ്ടി പ്രമോദ് കോട്ടൂളി എന്ന നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുത്തു എന്ന് വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്.
പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. പ്രമോദ് നല്ല സുഹൃത്താണ്, എന്നോട് പണം ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല, കൊടുത്തിട്ടുമില്ല, അദ്ദേഹം വിശദീകരിക്കുന്നു. ആഴ്ചയിലേറെ നീണ്ട വിവാദത്തില്‍ ഇന്നലെയാണ് ശ്രീജിത്ത് പ്രതികരിച്ചത്. പ്രമോദിനെതിരേ പാര്‍ട്ടി നടപടിയെടുത്ത ശേഷമാണ് പ്രതികരണം എന്നതാണ് ശ്രദ്ധേയം.
പിഎസ്സി അംഗത്വത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല. ഞാന്‍ ആര്‍ക്കെതിരെയും എങ്ങും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്തു എന്ന് സിപിഎം പറഞ്ഞോ? എനിക്ക് ആര്‍ക്കും പണം കൊടുക്കേണ്ട കാര്യമില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിവാദം ആരുണ്ടാക്കി എന്ന് അന്വേഷിക്കണം, ശ്രീജിത്ത് പറയുന്നു. കഴിഞ്ഞദിവസം പ്രമോദും കുടുംബവും ശ്രീജിത്തിന്റെ വീടിന് മുന്നില്‍ സമരം ചെയ്തിരുന്നു.
കോഴ വാങ്ങിയെന്ന വാര്‍ത്തയും ചര്‍ച്ചയും വന്നതോടെ പാര്‍ട്ടി അച്ചടക്കവും ഭരണഘടനയും ലംഘിച്ചുവെന്ന് വിശദീകരിച്ച്, സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്നും എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യം വെളിച്ചത്തുവരണമെന്ന ആവശ്യം പ്രമോദും ശ്രീജിത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുകളികള്‍ പുറത്തുവരാന്‍ വഴിയൊരുക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: