ഒരുവന്റെ ഉയര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്നത് അഹങ്കാരമാകുന്നു. അഹംഭാവം നിറഞ്ഞ മനസ്സോടെ കര്‍മ്മത്തിലേര്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയാറില്ല. കായിക ശക്തിയില്‍ മദിച്ചിരുന്ന രാക്ഷസാദികള്‍ക്കും, ദൈത്യദാനവാദികള്‍ക്കും എല്ലാം വിനാശമായിരുന്നു ഫലം. ബാഹുബലത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക് ദയനീയമായ അന്ത്യം സംഭവിക്കാറുണ്ട്.’അഹം’ എന്ന ഭാവം ഒരാളുടെ വിവേകത്തെ നശിപ്പിക്കുന്നു.
ഗുണദോഷങ്ങളെപ്പറ്റി ആലോചനയില്ലാതെ, എടുത്തു ചാടി പ്രവര്‍ത്തിക്കുന്നവര്‍ സര്‍വ്വനാശം ക്ഷണിച്ചു വരുത്തുകയാണ്.’അമ്പടഞാനെ ‘എന്നമട്ടില്‍ നടക്കുന്നവരോട് ആളുകള്‍ എന്നും പുറംതിരിഞ്ഞു നിന്നിട്ടേയുള്ളു. എത്ര ശക്തനായിരുന്നാലും വിനയവും, നയവും ഇല്ലെങ്കില്‍ വിജയം അസാദ്ധ്യമെന്ന് വിനതാപുത്രന്‍ ഗരുഡന്റെ അനുഭവത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.
പക്ഷീന്ദ്രനായ ഗരുഡന്, സ്വശക്തിയാല്‍ ദേവലോകത്തു ചെന്ന് യുദ്ധം ചെയ്ത് ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭവുമായി പറന്നുയര്‍ന്നു. ദേവേന്ദ്രന്റെ വജ്രായുധത്തിന് പക്ഷിശ്രേഷ്ഠനില്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍, ദധീചി മഹര്‍ഷിയോടുള്ള ആദരസൂചകമായി ഗരുഡന് ഒരു തൂവല്‍ സ്വയം വെടിയുന്നു (ദധീചിയുടെ അസ്ഥികളാലാണ് വജ്രായുധം നിര്‍മ്മിച്ചത്).
വജ്രായുധത്താല്‍ ഏതു പ്രതിയോഗിയേയും വീഴ്ത്താമെന്ന അഹങ്കാരമുണ്ടായിരുന്ന ഇന്ദ്രന്, പിന്നീട് എതിരിടാന്‍ നില്‍ക്കാതെ ഗരുഡനോട് സന്ധിചെയ്യുന്നു. നാഗ ജനനിയായ കദ്രുവും മക്കളുംകൂടി ചതിചെയ്തു അടിമയാക്കി വച്ച തന്റെ മാതാവിനെ മോചിപ്പിക്കുവാനാണ് അമൃത് കൊണ്ടുപോകുന്നതെന്നും, ഇതില്‍ നിന്നും ഒരു തുള്ളിപോലും താന്‍ സേവിക്കുകയില്ലെന്നും ഗരുഡന് ഉറപ്പുനല്‍കുന്നു. പക്ഷീന്ദ്രനില്‍ സന്തുഷ്ടനായ മഹാവിഷ്ണു അമൃത് സേവിക്കാതെ തന്നെ അജരനും അമരനുമായിരിക്കാനുള്ള അനുഗ്രഹം നല്കുന്നു. എന്നാല്‍ ഈയനുഗ്രഹം കൂടാതെ, വിഷ്ണുവിനു മേലെയിരിക്കണമെന്ന ഒരു വരം കൂടി ഗരുഡന് ആവശ്യപ്പെടുന്നു. മാത്രമല്ല, അഹങ്കാരത്താല്‍ താനും ഒരു വരം വിഷ്ണുവിന് നല്‍കാമെന്ന് ചാടിപ്പറയുകയും ചെയ്തു. അപ്പോള്‍ പക്ഷിശ്രേഷ്ഠനോട് തന്റെ വാഹനമായിത്തീരണ മെന്ന വരം ഭഗവാന് നാരായണന് ആവശ്യപ്പെട്ടു.
തന്റെ ധ്വജത്തില്‍ വസിച്ച് ഗരുഡന്റെ ആഗ്രഹം സാധിച്ചുകൊള്ളുവാനും അനന്തശായി അനുഗ്രഹം നല്കി. അമൃതു നല്കി മാതാവിനെ ദാസ്യത്തില്‍ നിന്നും മോചിപ്പിച്ചുവെങ്കിലും ഗരുഡന് സര്‍പ്പങ്ങളോടുള്ള പക അവസാനിച്ചിരുന്നില്ല. തന്റെ അമ്മയോട് ചതി ചെയ്ത സര്‍പ്പങ്ങളെ ഗരുഡന് കഠിനമായി ദ്രോഹിച്ചുകൊണ്ടിരുന്നു. അവയെ ഭക്ഷണമാക്കുകയും ചെയ്തു. എതിരാളിയില്ലാതെ ഗരുഡന് അജയ്യനായി നിലകൊണ്ടു.
ഇന്ദ്രസാരഥിയായ മാതലിയുടെ പുത്രി ഗുണകേശിയും, നാഗശ്രേഷ്ഠന്‍ ആര്യകന്റെ പൗത്രന് സുമുഖനുമായുള്ള വിവാഹം തീര്‍ച്ചപ്പെടുത്തിയെങ്കിലും ഗരുഡനെയോര്‍ത്ത് നാഗങ്ങള്‍ ഭയചകിതരായി. സുമുഖന്റെ പിതാവിനെ കൊന്നതുപോലെ അവനേയും കൊന്നുതിന്നുമെന്ന് ഗരുഡന് പറഞ്ഞിരുന്ന കാര്യം മാതലി അറിയുന്നു. വൈകാതെ സുമുഖനേയുംകൊണ്ട് മാതലി ഇന്ദ്രസന്നിധിയിലെത്തി. അപ്പോഴവിടെ സന്നിഹിതനായിരുന്ന വിഷ്ണുഭഗവാന് അമൃത് നല്കി സുമുഖനെ അമരനാക്കുവാന്‍ ഇന്ദ്രനോട് അരുളിച്ചെയ്തു. ദേവന്മാരുടെ ആശീര്‍വാദത്തോടെ അവരുടെ വിവാഹം മംഗളമായി നടന്നു. കാര്യം ഗ്രഹിച്ച ഗരുഡന് കോപാവേശത്താല്‍ ഇന്ദ്രനെ ആക്രമിക്കുവാനെത്തി. തന്റെ അപാരശക്തിയില്‍ ഗര്‍വ്വിഷ്ഠനായ ഗരുഡന്, ദേവരാജനെ അധിക്ഷേപിക്കാന്‍ പോലും മടിച്ചില്ല.
ദേവന്മാരോടുകൂടി ദേവലോകത്തെ ഒറ്റയടിക്കുതീര്‍ക്കുമെന്ന് വെല്ലുവിളി ഉയര്‍ത്തി ഗരുഡന്റെ അഹന്ത തിളച്ചുമറിഞ്ഞപ്പോള് വിഷ്ണുഭഗവാന് ശാന്തത കൈവിടാതെ പക്ഷീന്ദ്രന്റെ വെല്ലുവിളി സ്വീകരിച്ചു. തന്റെ ഒരു കരം താങ്ങുവാനുള്ള ശക്തിയുണ്ടോ എന്നു ചോദിച്ചുകൊണ്ട് ആദി നാരായണന് ദക്ഷിണകരം ഗരുഡന്റെ ചുമലില്‍ പതുക്കെയൊന്നു വെച്ചു. അഹങ്കാരം കൊണ്ട് കണ്ണുകാണാതെ നിന്ന ഗരുഡന് ഭഗവാന്റെ തൃക്കൈ താങ്ങാനാകാതെ പെട്ടന്നു തന്നെ ബോധരഹിതനായി തളര്‍ന്നു വീണു. തളര്‍ന്നു കിടന്ന ഗരുഡനോട് ഭഗവാന് ദയതോന്നി ഒടുവില്‍ അനുഗ്രഹിച്ചു. സ്വന്തം ശക്തിയിലഹങ്കരിച്ച ഗരുഡന് അങ്ങനെ ലജ്ജിതനായി പശ്ചാത്തപിച്ചു. അഹംഭാവം കൊണ്ട് ആരോടും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് ശ്രീഹരി ഖഗേന്ദ്രനെ ഉപദേശിച്ചു. താന്‍ അതി ശക്തനാണെന്നും മറ്റുള്ളവരെല്ലാം ബലഹീനരാണെന്നും ധരിക്കുന്നത് വിഡ്ഢിത്തമാണെന്നും, ആജന്മ വൈരം ആര്‍ക്കും നല്ലതല്ലെന്നും പറഞ്ഞ് ഭഗവാന് സുമുഖനെ എടുത്തു ഗരുഡന്റെ ചുമലില്‍ വെച്ചു.
ഭൂഗോളത്തെ കടുകുമണിസമം വഹിക്കാന്‍ ശക്തി ഉണ്ടെന്നും, മൂന്നു ലോകങ്ങളിലും തന്നെ ജയിക്കാന്‍ ആരുമില്ലെന്നും ഉള്ള അഹങ്കാരം ഗരുഡനില്‍ വേരൂന്നിയിരുന്നു. തന്നെക്കാള്‍ ബലവാനും കേമനും ആയി ആരുമില്ലെന്ന ചിന്ത അധമമാണെന്നും താഴ്മയാണ് ഉന്നതി എന്നും തിരിച്ചറിഞ്ഞ ഗരുഡന്റെ ഗര്‍വ്വം ചൂടുതട്ടിയ വെണ്ണപോലെയുരുകി.
ഗുണപാഠം
വിനയവും ക്ഷമയും വിജയം നേടിത്തരുമ്പോള്‍ അഹങ്കാരിക്ക് സ്വര്‍ഗ്ഗം പ്രാപ്തമായാലും പതനം നിശ്ചയമാകുന്നു. അത്തരക്കാര്‍ ഒരുനാള്‍ ഐശ്വര്യഹീനരായി സകലരാലും വെറുക്കപ്പെടും. അഹംഭാവികള്‍ക്ക് മറ്റുള്ളവരുടെ മനസ്സില്‍ സ്ഥാനം ലഭിക്കുകയില്ല. അവരുടെ കഷ്ടപ്പാടുകളില്‍ ഒരു കൈ സഹായം നല്കുവാന് ആരും മുന്നോട്ടു വരികയുമില്ല. അഹങ്കാരത്തിന് അടിമപ്പെടുമ്പോള്‍ ധര്‍മ്മബോധം ഉണരുകയില്ല. ബലവും ധനവും വിദ്യയും എല്ലാം ഉള്ളവരെന്നാലും ജ്ഞാനികള്‍ക്ക് ചിത്തചാഞ്ചല്യം ഉണ്ടാ വുകയില്ല. അഹങ്കാരം ആപത്തെന്ന ആപ്തവാക്യം മറക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: