പെന്‍സില്‍വാനിയ: മുന്‍ പ്രസിഡന്റ് ട്രംപിന് നേരെ വെടിവച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിന്റെ കുടുംബാംഗങ്ങളെ എഫ്ബിഐ ചോദ്യം ചെയ്യുന്നത് തുടരുന്നു. വെടിവയ്പ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് അമേരിക്ക അറിയിച്ചു. അക്രമിയുടേതെന്ന് കരുതുന്ന എആര്‍15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കണ്ടെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുകയും അവര്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് സീക്രട്ട് സര്‍വീസ്.
ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന് കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2003 സപ്തംബര്‍ 20ന് ആണ് ഇയാളുടെ ജനന തീയതിയെന്നും രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ 2022ല്‍ ബെതല്‍ പാര്‍ക്ക് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ സ്റ്റാര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥിയായിരുന്നു. നേരത്തെ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യ പശ്ചാത്തലം ഉള്ളതായി വിവരമില്ല. വെടിവയ്പ്പിന് മുന്‍പ് ഇയാളെ സ്ഥലത്ത് കണ്ടതായി നിരവധി പേര് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ട്രംപ് സംസാരിക്കുന്ന വേദിയില്‍നിന്ന് 120 മീറ്ററോളം അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അക്രമത്തിനു പിന്നലെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതടക്കം അക്രമിയെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അക്രമത്തെ എല്ലാവരും അപലപിക്കണമെന്നും സംഭവം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസ് ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെയും പ്രാദേശിക ഭരണകൂടത്തെയും അവര്‍ പ്രശംസിച്ചു. ജനാധിപത്യത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ആയിരുന്നു മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു. ട്രംപിന് കാര്യമായ പരിക്കുകളില്ലെന്നത് ആശ്വാസകരമാണെന്നും ഒബാമ പറഞ്ഞു. സംഭവത്തെ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും അപലപിച്ചു.
തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെയുണ്ടായ വെടിവപ്പിന് പിന്നാലെ സുരക്ഷ ശക്തമാക്കി. എല്ലാവിധ സുരക്ഷാ നടപടികളും എടുത്തിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തത വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുകയുള്ളൂവെന്നും രഹസ്യാന്വേഷണ ഏജന്‍സി വക്താവ് ആന്റണി ഗുഗ്ലിയമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: