എഴുത്തച്ഛന് അധ്യാത്മരാമായണത്തില്‍ എഴുതുന്നു, ”കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു” എന്ന്. വേദാന്ത തത്ത്വജ്ഞാനമാണ് പകര്‍ന്നു നല്‍കുന്നത്. പക്ഷേ വേദവും വേദാന്തവും എന്താണെന്നൊന്നും അറിയാത്ത കാലത്ത്, പത്തുവയസ്സില്‍ താഴെയുള്ളപ്പോള്‍ മനസ്സിലായത് അതിന്റെ താഴത്തെ രണ്ട് വരികളുടെ അര്‍ത്ഥമാണ്. അതിങ്ങനെ: ”ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ” എന്ന്. ഒരു പത്തുവയസ്സുകാരന് പിടികിട്ടുന്നതാണ് അതിന്റെ അര്‍ത്ഥം. മലയാള ഭാഷാ പിതാവായി നാം ആദരിച്ചാനന്ദിക്കുന്ന തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ എഴുതിയ സംസ്കൃതഭാരം പേറി നില്ക്കുന്ന വാക്കുകളാണതില്‍. പാമ്പിന്റെ വായില്പെട്ടിരിക്കുന്ന തവള, അതറിയാതെ ഭക്ഷണത്തിനായി ശബ്ദിക്കുന്നതുപോലെ എന്നര്‍ത്ഥം. പക്ഷേ, ഭാഷയിലും അര്‍ത്ഥത്തിലും ഗഹനവും ദൃഢവും അഗാധവുമായ ആ വരികളുടെ ഭാവതീവ്രത അതേപടി അറിഞ്ഞാസ്വദിക്കാന്‍ കഴിഞ്ഞത്, കുട്ടനാട്ടുകാരനായതിനാലാണ്. സന്ധ്യയ്ക്ക് രാമായണ പാരായണം നടക്കുന്ന വേളയില്‍ ഒരു നീര്‍ക്കോലി ഒരു തവളക്കുഞ്ഞിനെ പിടികൂടി വിഴുങ്ങിയപ്പോള്‍ അത് പുറപ്പെടുവിച്ച ശബ്ദത്തെ വിശദീകരിച്ച് മുതിര്‍ന്നവര്‍ വിശദമായി വ്യാഖ്യാനിച്ച് പറഞ്ഞപ്പോഴാണ്. കാലാഹിനാ പരിഗ്രസ്തമാം ലോകം- കാലാമാകുന്ന പാമ്പിനാല്‍ പിടികൂടി വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന ഭൗതിക ലോകം അതറിയാത്ത ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു, സുഖം തേടിപ്പൊകുന്നുവെന്ന ആ വിശദീകരണമുണ്ടല്ലോ അതാണ് മനസ്സിനെ, ചിന്തയെ സ്വാധീനിക്കുന്നത്. അതെ, കാലം, അതാണ് പ്രധാനം. അതിന്റെ മറ്റൊരു കഷണത്തിന്റെ പേരാണ് സമയം. അതിന്റെ പിന്നെയും പിന്നെയും ചെറിയ ഘടകമാണ് നിമിഷം. ഈ നിമിഷത്തിന്റെ മൂല്യമാണ് ആരുടെയും ജീവിത സമ്പത്ത്. അതെങ്ങനെ, എന്തിന്, വിനിയോഗിക്കുന്നുവെന്നതാണ് പ്രധാനം.
സമയം ‘നിക്ഷേപി’ക്കുന്നതും അത് മറ്റൊരിക്കല്‍ തിരിച്ചുകിട്ടാന്‍ അവസരമുണ്ടാക്കുന്നതുമായ സങ്കല്പം സംവിധാനമാക്കുന്നതിനെക്കുറിച്ചുള്ള ആശയമാണ് കഴിഞ്ഞയാഴ്ച ‘നിരീക്ഷണ’ത്തില്‍ പങ്കുവച്ചത്. വളരെ ആവശ്യമായ, കൗതുകകരമായ ആശയമായി ചിലര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. അത്രവേഗം സാധ്യമല്ല, അതില്‍ രാഷ്ട്രീയം ഉണ്ടാകില്ലേ, കേരളത്തില്‍ നടക്കില്ല, എന്നെല്ലാമുള്ള അഭിപ്രായങ്ങളും ചിലരുയര്‍ത്തി. പക്ഷേ പൊതുവില്‍, അങ്ങനെയൊരു സംവിധാനം വേണമെന്ന കാഴ്ച്ചപ്പാടുകാരായിരുന്നു അധികം.
ഒരു വ്യക്തി മറ്റൊരാള്‍ക്ക്, സമൂഹത്തിന്, അതുവഴി രാജ്യത്തിന് സേവനം ചെയ്യാന്‍ നീക്കിവയ്ക്കുന്ന സമയം കണക്കാക്കി സൂക്ഷിക്കുക. അവര്‍ക്കാവശ്യം വരുന്ന വേളയില്‍ അത് തിരികെ കൊടുക്കുക എന്ന ആശയമാണ് ‘സമയനിക്ഷേപം സേവനത്തിലൂടെ’ എന്ന ചിന്തയിലൂടെ ആവിഷ്കരിച്ചത്. ‘ നല്കുകില് നേടാം’ എന്ന നയം. അത് എങ്ങനെ, ആര് നടപ്പാക്കും എന്നതിലാണ് ചിലര്‍ സംശയം ഉന്നയിച്ചത്. നിര്‍വഹണത്തിലാണ് പലപ്പോഴും കുറവനുഭവപ്പെടുക. കൃത്യമായ ബോധത്തോടെ ചിട്ടയോടെ നിര്‍വഹിക്കാന്‍ യോജകന്മാരാണ് ഉണ്ടാവേണ്ടത്. ഇതിന് താഴേത്തട്ടിലുള്ള യൂണിറ്റുകളാണ് നിര്‍ണായകമാകുന്നത്. ഏറ്റവും ചെറിയ ഘടകത്തില്‍ തുടങ്ങിയാല്‍ അത് വിരാഡ്രൂപം പ്രാപിക്കും; പലതുള്ളി പെരുവെള്ളമാകുന്നതുപോലെ.
ഇപ്പോഴും സേവനവും സഹകരണവും സഹായവും ജീവിതത്തിന്റെ ഭാഗമായിട്ടുള്ള നാട്ടിന്‍പുറങ്ങള്‍ നമുക്കുണ്ട്. ഗ്രാമങ്ങളിലെ അതിജീവിത രീതിയും ബോധവും നഗരങ്ങളില്‍ കുറവാണ്; സ്വാഭാവികമായും അത് അനിവാര്യതകള്‍ കൊണ്ടാണ്. ” നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം” എന്ന് കവി കുറ്റിപ്പുറത്ത് കേശവന് നായര്‍ ‘ഗ്രാമീണ കന്യക’യില്‍ പാടിയത് കുറഞ്ഞത് 65 വര്‍ഷം മുമ്പാണ്. അതായത്, നഗരത്തിന്റെ ഇന്നത്തെ സ്വഭാവ പ്രത്യേകതകള്‍ അടുത്തിടെ രൂപപ്പെട്ടതല്ലെന്ന് അര്‍ത്ഥം. ഏതാണ്ട് രണ്ടായിരത്തിലേറെ വര്‍ഷം മുമ്പ് മഹാകവി കാളിദാസന് ‘ശാകുന്തള’ത്തില്‍ പറയുന്നുണ്ട് കാട്ടില്‍ പാര്‍ക്കുന്ന മുനിമാര്‍ അന്നത്തെ നഗരത്തില്‍ എത്തിയപ്പോഴത്തെ അവസ്ഥ വിവരിക്കുന്നതിലൂടെ ഗ്രാമ-നഗര ഭേദങ്ങള്‍. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ സേവനങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം പണം നീക്കിവയ്ക്കുന്ന പ്രവണതകള്‍ വളരുകയും പെരുകുകയും ചെയ്യുന്നുവെന്നതാണ് ഒരു പ്രത്യേകത. അവിടെ സമയത്തെ പണം കൊണ്ട് പകരം വയ്ക്കുന്നു. പണം കൊടുത്താല്‍ സര്‍വീസ്(സേവനം) ലഭിക്കുന്നു എല്ലാറ്റിനും. പക്ഷേ, അവിടെ കാര്യം നടത്താന്‍ സഹായകമാകുന്നുവെങ്കിലും കൈകാര്യവൃത്തിയില് ‘സമയ നിക്ഷേപവും നേടലും’ എന്ന ഉദാത്താശയത്തിന്റെ വൈകാരിക നിര്‍വഹണം നടക്കുന്നില്ല. മാത്രമല്ല, പണം കൊടുത്ത് സേവനം വാങ്ങുന്ന രീതിയിലൂടെ ഒരു ജീവിത പദ്ധതിയുടെ മഹത്വാശയം സാദ്ധ്യമാകാതെ, തികച്ചും യാന്ത്രികമായ ഏതോചില ക്രമങ്ങള്‍ക്ക് വ്യക്തിയും സമൂഹവും അടിമപ്പെട്ടുപോകുന്നു. മാനുഷികതയും മാനവികതയും പ്രസംഗങ്ങളില്‍ ചുരുങ്ങുകയും സ്വന്തം അച്ഛനേയും അമ്മയേയും നോക്കാന്‍ പോലും പണം നിക്ഷേപിച്ച് അന്യന് അവസരം കൊടുക്കുക്കുകയും കര്‍ത്തവ്യം മറക്കുകയും ചെയ്യുന്നു. ശരിയായിരിക്കാം, മുമ്പുപറഞ്ഞ ജീവിത സാഹചര്യം കാരണമാകുന്നുണ്ടാവാം. എന്നാല്‍, ”നരന് ക്രമാല്‍ തന്റെ ശവം ചവുട്ടിപ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ”എന്ന് ‘കണ്ണീര്‍ത്തുള്ളി’ എന്ന വിലാപകാവ്യത്തില്‍ ആര്ഷജ്ഞാനിയായിരുന്ന കവി നാലപ്പാട്ട് നാരായണ മേനോന് ഉയര്‍ത്തിയ ചോദ്യം ഏറെ പ്രസക്തമാകുന്നു.
ആര്‍ക്ക് ഇതൊക്കെ നിര്വഹണത്തിലെത്തിക്കാനാകും. വാസ്തവത്തില്‍ ഭരണകൂടത്തിനാണ് ഇതിലൊക്കെ മുഖ്യ ചുമതല. അസം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന രക്ഷിതാക്കളെ ശുശ്രൂഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചത് ഈ രംഗത്തെ മികച്ച നീക്കങ്ങളിലൊന്നാണ്. തികച്ചും മാതൃകാപരം. കുറ്റങ്ങള്‍ നിശ്ചയിക്കുകയും ശിക്ഷകള്‍ നിര്‍ണയിക്കുകയും ചെയ്യുമ്പോള്‍ കര്‍ത്തവ്യങ്ങളും കടമകളും നിശ്ചയിച്ച് ശീലിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ മറന്നുപോകുന്നു. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അലിഞ്ഞലഞ്ഞില്ലാതെ പോകേണ്ട കക്ഷിരാഷ്ട്രീയ ഭിന്നത, ഭരണത്തില്‍ ഏറെ വാശിയോടെ ശക്തിപ്പെടുന്നതാണ് മുഖ്യ തടസ്സം. അപ്പോള്‍പ്പിന്നെ മാതൃകയാവുകയോ ബദലാവുകയോ ചെയ്യേണ്ടത് പൗരധര്‍മ്മമാണ്.
നഗരങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സേവനത്തിന്റെ കണക്ക് പുസ്തകം സൂക്ഷിക്കാനാവില്ലേ? ഒരുകാലത്ത് മുക്കിനുമുക്ക് സമൃദ്ധമായിരുന്ന ക്ലബ്ബുകള്‍ക്ക് പുനര്‍ജനിച്ച് ഈ കര്‍ത്തവ്യം ചെയ്തുകൂടേ? വായനശാലകള്‍ക്ക്, സ്കൂളുകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, ധര്‍മ്മശാലകള്‍ക്ക്, ആരാധനാലയങ്ങള്‍ക്ക് ഇത് സാധ്യമല്ലേ? ഈ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കച്ചവട-ലാഭ ഇടപാടുകള്‍ ലക്ഷ്യമിട്ടുനടത്തുന്ന പ്രവൃത്തികളില്‍ കാണിക്കുന്ന ശുഷ്കാന്തി ഈ രംഗത്ത് പ്രയോഗിച്ചുകൂടേ? സാധ്യമാണ്, വേണമെന്നുവച്ചാല്‍. നമ്മുടെ സമൂഹം അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുകയും പാശ്ചാത്യസമൂഹം അവരുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ പാത തേടുകയുമാണ് എന്നതാണ് വ്യത്യാസം. അവര്‍ ഉപേക്ഷിച്ചതിനെയെല്ലാം നമ്മുടെ സമൂഹവും വ്യക്തികളും അന്ധമായി കെട്ടിപ്പുണരുന്നു. അവിടെയും നിര്‍വഹണത്തിന്റെ നയനടപടിക്രമങ്ങള് നിശ്ചയിക്കുന്നവരുടെ മനസ്സും ചിന്തയുമാണ് അതിന് കാരണക്കാരെന്ന് കാണാം. കാഴ്ചയുള്ളവര്‍ ഏറെ ഉണ്ടാകുന്നു, അവര്‍ക്ക് ഉള്‍ക്കാഴ്ചയും ദീര്ഘവീക്ഷണവുമില്ലാതാകുന്നു-അതാണ് വലിയ ദുരിതമാകുന്നത്.
തുടക്കത്തില്‍ പറഞ്ഞത് ‘നിക്ഷേപത്തിന്റെ കണക്കുപുസ്തകം’ സൂക്ഷിക്കുന്നതിന്റെ തുടര്‍ച്ചയെക്കുറിച്ചാണ്. അതില്‍ കാലം പ്രധാനമാണ്. കാലത്തിന്റെ ചെറുരൂപമായ നിമിഷം അതിപ്രധാനം. ഒന്നിനും സമയം തികയുന്നില്ലാത്ത സ്ഥിതിയാണ് മിക്കവര്‍ക്കും. അതില്‍ സേവനത്തിന് എത്ര സമയനിക്ഷേപം എന്ന കണക്കില്ല. ധനനിക്ഷേപത്തിന്റെ രേഖകള്‍കൊണ്ട് മിക്കവരുടേയും സേഫ് ലോക്കറുകള്‍ നിറയുന്നു. ഡിജിറ്റല്‍ ലോക്കറുകള്‍ കവിയുന്നു. പക്ഷേ, ചെലവിട്ട സമയത്തില്‍ എത്ര നിക്ഷേപത്തിന്റെ കണക്കുപുസ്തകത്തിലുണ്ടാകുന്നു എന്ന കണക്കില്ല, വ്യക്തിക്കുപോലും. അതുണ്ടാകണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും പാലിയേറ്റീവ് സൊസൈറ്റികളും വര്‍ധിക്കുമ്പോള്‍, അശരണ കേന്ദ്രങ്ങളും ശുശ്രൂഷാ കേന്ദ്രങ്ങളും അഭയസ്ഥാപനങ്ങളും കൂടുമ്പോള്‍ അവിടങ്ങളില്‍ അവരവര്‍തന്നെ മുറിയും സീറ്റും നേരത്തേകാലത്തേ ഉറപ്പിക്കുന്ന മത്സരത്തിന് സമയവും പണവും നിക്ഷേപിക്കാന്‍ ധൃതിപ്പെടുന്നതല്ല ശരിയായ നിക്ഷേപം.
‘കാലമാകുന്ന പാമ്പ്’ എന്ന എഴുത്തച്ഛന് വാക്കുകള്‍ക്ക് കാലാതീതമായ ചരിത്രവും പ്രസക്തിയുമുണ്ട്. ‘കള്ളക്കര്‍ക്കടക’ത്തെ രാമായണ മാസമാക്കിമാറ്റിയ മലയാളി സമൂഹത്തിന് കാലത്തേയും കാലനേയും വരുതിക്ക് നിര്‍ത്താനുള്ള ഇച്ഛാശക്തിയുമുണ്ട്. പക്ഷേ, തിരക്കുകള്‍ക്കിടയില്‍ അതേക്കുറിച്ച് ചിന്തിക്കാന്‍ പലര്‍ക്കും സമയം മാറ്റിവയ്ക്കാനാകുന്നില്ലെന്ന് മാത്രം. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് എന്ന കവി ഈ കാഴ്ചപ്പാടുകള്‍ ചെറിയ ശ്ലോകത്തില്‍ ഇങ്ങനെയെഴുതി.
”മനുഷ്യസേവനത്തിന്റെ
പാതയില്‍ പദമൂന്നിയാല്‍
മൃതിക്കുമപ്പുറത്തെത്തും
മഹാപ്രസ്ഥാനമായിടും.” അതെ, ഒരു മഹാപ്രസ്ഥാനമാണ് വേണ്ടത്. അതിനെ ‘മെഗാ ഇവന്റ്’ എന്ന് തര്‍ജ്ജമ ചെയ്ത് ‘കമേഷ്യല്‍’ മേളയാക്കുന്ന നിര്വഹണക്കാര്ക്ക് വിട്ടുകൊടുക്കരുത്. അതിന് ഒരു ബദല്‍ വേണ്ടതുണ്ട്. അത്തരമൊരു ‘നിക്ഷേപ- നിക്ഷേപക യജ്ഞ’ ത്തിന് സാധ്യതകള്‍ ഏറെയാണ്; അത് കാലത്തിന്റെ ആവശ്യമാണ്.
പിന്കുറിപ്പ്:
നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സകല മേഖലയിലും ‘ കടതുറക്കുമ്പോള്‍’ കോഴിക്കോട്ടെ കുതിരവട്ടത്ത്, ദേശപോഷിണി പ്രദേശത്ത് 136 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന എയുപി സ്കൂള്‍ പൂട്ടി! കുട്ടികള്‍ പഠിക്കാനില്ല. വീണ്ടും കാലം ചുവരെഴുതുന്നു. കണ്‍തുറന്നു കാണേണ്ടതുണ്ട്.
(ഫോണ്‍: 9446530279)
പ്രതികരിക്കാൻ ഇവിടെ എഴുതുക: