കാസര്‍കോട്: എന്നും കടത്തിനെ പറ്റി മാത്രം സംസാരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദിയുടെ സാമ്പത്തികനയം കണ്ട് പഠിക്കണമെന്ന് കേന്ദ്രമൃഗ സംരക്ഷണ ഫിഷറീസ് ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു.
കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യത്തില്‍ ചിന്താകുഴപ്പം ഉണ്ടായിക്കഴിഞ്ഞാല്‍ ഒരു രാജ്യത്തിനും സംസ്ഥാനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. സാമ്പത്തിക കാര്യത്തില്‍ കേരളത്തില്‍ പ്ലാന്‍ എയും ബിയും വരുന്നത് എങ്ങനെയെന്നും ഇടയ്ക്ക് വെച്ച് മാറാന്‍ പറ്റുന്ന ഫുട്ബോള്‍ കളിയാണോ എന്നും അദ്ദേഹം ചോദിച്ചു. കടമാണ് തങ്ങളുടെ മൂലധനമെന്ന് പറയുന്ന സര്‍ക്കാരിന് സുസ്ഥിരമായിട്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയെ നോക്കൂ. വ്യക്തമായ നയം ഉണ്ട്. അവിടെ എബിസിഡിയൊന്നുമില്ല. സുസ്ഥിരമായ സാമ്പത്തിക നയം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ന് ഭാരതം 11 ാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. അവിടെ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചിന്തിക്കാവുന്നതിന് അപ്പുറത്തേക്ക് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിഎ കുടിശിക ലഭിക്കാത്തതിനെ കുറിച്ച് സംസ്ഥാന ഭരണകക്ഷി നോതാവിനോട് സംസാരിച്ചപ്പോള്‍ ശമ്പളം കിട്ടുന്നുണ്ടല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ അര്‍ത്ഥം അതും കിട്ടുമോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം പോകുന്നത് എന്നാണ്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദരിദ്രമായ ഭാരതത്തില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം ഇന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. പടപടിയായി ഭാരതം മുന്നോട്ട് പോവുകയാണ്. കിസാന്‍ സമ്മാന്‍നിധിയില്‍ 2000 രൂപ ലഭിക്കുന്നത് ഒരു കാലഘട്ടത്തില്‍ കൊടുക്കാന്‍ പറ്റുമോ എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍, നടപ്പിലാക്കികൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ചും ഒരക്ഷരം എതിര്‍ത്ത് പറയാന്‍ പറ്റാത്തവിധം ഭാരതം സാമ്പത്തികമായി ഉയര്‍ന്നിരിക്കുന്നു. സാമ്പത്തിക നയത്തില്‍ വ്യക്തതയും ചങ്കൂറ്റവും വേണമെന്നാണ് പറയാനുള്ളത്. അസംഘടിതമേഖലയിലും ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ എതിര്‍പ്പുമായി മുന്നോട്ട് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷനായി. ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ടി.ദേവാനന്ദന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന്, സെക്രട്ടറി പി. ആര്യ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി എ. പ്രകാശ് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി എം.എസ്. ഹരികുമാര്‍ സംഘടന ചര്‍ച്ചക്ക് നേതൃത്വം നല്കി.
സുഹൃദ് സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ബി. മനു, ടി. അനൂപ്കുമാര്‍, എം.കെ. സദാനന്ദന്, ബി.എസ്. ഭദ്രകുമാര്‍, അനൂപ് ശങ്കരപ്പിള്ള, മീരാഭായി, സി. വിജയന്, എ.ഇ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിഎംഎസ് സംഘടന സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: