നെടുംങ്കണ്ടം: രാമക്കല്‍മേടിന് സമീപം പുഷ്പക്കണ്ടത്ത് നാലുമലയില്‍ ഓഫ് റോഡ് സവാരിക്കെത്തിയ ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്നു. കര്‍ണാടക, തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള 27 വാഹനങ്ങളാണ് വെള്ളിയാഴ്ച നാലുമലയില്‍ ചെളിയില്‍ പെട്ടത്.
ഇടുക്കി കളക്ടറുടെ പ്രവേശന നിരോധനമുള്ള പ്രദേശത്താണ് അതിക്രമിച്ച് വാഹനങ്ങള്‍ കടന്നുകയറിയത്. പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്നു. വിവരമറിഞ്ഞെത്തിയ റവന്യൂ അധികാരികളായ ജയ്‌സണ്‍, സന്തോഷ്, ഷിജി കുമാര്‍, അനില്‍ ലാല്‍, വിപിന്‍ എന്നിവരും പോലീസും പ്രദേശവാസികളും ചേര്‍ന്ന് ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് വാഹനങ്ങള്‍ മലനിരകളില്‍ നിന്ന് പുറത്തെത്തിച്ചത്.
2022 മുതലാണ് പ്രദേശത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രദേശവാസികളുടെ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. നെടുങ്കണ്ടം പോലീസ് ഓഫീസര്‍മാരായ ജെറാള്‍ഡ് വി. സ്‌കറിയ, ടി.കെ. വിനോദ്കുമാര്‍, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാറത്തോട് വില്ലേജ് ഓഫീസറുടെ പരാതിയില്‍ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പിന്നീട് വാഹനങ്ങള്‍ വിട്ടുനല്കി.











