കൊല്‍ക്കത്ത: ബംഗാളിലെ പശ്ചിമ മേദിനിപുര്‍ ജില്ലയില്‍ ട്രക്കും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരുള്‍പ്പെടെ ആറ് പേര് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപര്‍ണ ബാഗ് എന്ന രോഗിയെ ഖിര്പൈയിലെ ആശുപത്രിയില്‍ നിന്ന് മേദിനിപൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
രോഗിയും കുടുംബാംഗങ്ങളും ഡ്രൈവറും ഉള്‍പ്പെടെ 8 പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ആംബുലന്‍സ് സിമെന്റ് ചാക്ക് നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആറ് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് കൂട്ടിച്ചേര്‍ത്തു. അപര്‍ണയുടെ അമ്മ അനിമ മല്ലിക്, ഭര്‍ത്താവ് ശ്യാമപാദ ബാഗ്, അമ്മാവന് ശ്യാമള്‍ ഭുനിയ, അമ്മായി ചന്ദന ഭുനിയ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല.
അപര്‍ണയും ശ്യാമപാദ ബാഗും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. അപര്‍ണ്ണയുടെയും ഡ്രൈവറുടെയും നില ഗുരുതരമാണ്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നോ എന്നും വാഹനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നോയെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: