ഇരിങ്ങാലക്കുട: പുണ്യമാസമാണ് കര്‍ക്കിടകം. തോരാത്ത മഴയും കാറ്റും കറുത്തിരുണ്ട മേഘങ്ങളും നിറഞ്ഞ അന്തരീക്ഷം. നിത്യ ജീവിത ദുരിതങ്ങളില്‍പ്പെട്ട് ഉഴലുന്ന സാധാരണക്കാരായ മനുഷ്യര്‍. പ്രയാസങ്ങളുടെ രാപകലുകള്‍ ഒടുങ്ങുമെന്നും പ്രതീക്ഷയുടെ നാളുകള്‍ വന്നെത്തുമെന്നും അവര്‍ കണക്കുകൂട്ടുന്നു. അതിനാല്‍ കര്‍ക്കിടകം ഈശ്വരഭജനത്തിന്റെ കാലമായി മാറുന്നു.
കര്‍ക്കിടക മാസം നാലമ്പല ദര്‍ശനത്തിന്റെ കാലം കൂടിയാണ്. ത്യാഗമൂര്‍ത്തികളായ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരെ ഒരേ ദിവസം ദര്‍ശിക്കാനുള്ള അവസരം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥാടനം.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നാണ് നാലമ്പല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പഴക്കമേറിയ ശ്രീരാമ ക്ഷേത്രമാണിത്. ഉപദേവന്മാരായി ഗണപതിയും ധര്‍മ്മശാസ്താവും ഗോശാല കൃഷ്ണനുമുണ്ട്. അതോടൊപ്പം അവിടെ ഹനൂമാന്റെ ദിവ്യസാന്നിധ്യവുമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീരാമനെ ആദ്യം കണ്ട് വണങ്ങിയാണ് നാലമ്പല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. മീനൂട്ട്, വെടിവഴിപാട്, അവല്, നെയ്പായസം, തട്ടം, എള്ള്, കിഴി എന്നിവയാണ് ശ്രീരാമ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.
ശ്രീരാമദര്ശനത്തിനു ശേഷം ഭക്തരെത്തുന്നത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കാണ്. ഭരതനാണ് അവിടത്തെ പ്രതിഷ്ഠ. സംഗമേശ്വരന് എന്നുകൂടി അറിയപ്പെടുന്ന കൂടല്‍മാണിക്യസ്വാമിക്ക് ഉപദേവതകളില്ല. ക്ഷേത്ര പ്രദക്ഷിണത്തോടൊപ്പം തീര്‍ത്ഥക്കുളം പ്രദക്ഷിണം കൂടി ചെയ്യുന്നത് ഇവിടെ വളരെ വിശേഷമാണ്. താമരമാല, വഴുതനങ്ങ നിവേദ്യം, അവല്, പായസം, താമരമൊട്ട് സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകള്‍.
ഭക്തര്‍ മൂന്നാമതായി എത്തിച്ചേരുന്നത് മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലാണ്. ലക്ഷ്മണസ്വാമിയുടെ പൂര്‍ണ്ണകായ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തെക്കോട്ടു ദര്‍ശനമായി ശിവനും ഗണപതിയുമുണ്ട്.
പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്ര ദര്‍ശനത്തോടെയാണ് നാലമ്പല തീര്‍ത്ഥാടനം പൂര്‍ണ്ണമാകുന്നത്. തൃപ്രയാര്‍ നിന്നാരംഭിച്ച് ഇരിങ്ങാലക്കുട, മൂഴിക്കുളം ക്ഷേത്രങ്ങള്‍ താണ്ടി പായമ്മല്‍ വന്ന് അവസാനിക്കുന്ന ക്രമമാണ് നാലമ്പല തീര്‍ത്ഥാടനത്തിനുള്ളത്. അതിനാല്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കര്‍ക്കിടക മാസം മുഴുവന്‍ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനസമയം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30 ന് നട തുറക്കുകയും ഉച്ചയ്ക്ക് 12.30 ന് അടയ്ക്കുകയും ചെയ്യും. പിന്നെ വൈകീട്ട് 4.30 ന് നട തുറന്ന് 8 മണിക്ക് അടയ്ക്കും.
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 ന് നട തുറന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടയ്ക്കും. വൈകീട്ട് 5 ന് നട തുറന്ന് രാത്രി 8.20 ന് അടയ്ക്കും.തിരക്കുള്ള ദിവസങ്ങളില്‍ ക്യൂവിലുള്ള മുഴുവന്‍ ഭക്തര്‍ക്കും തൊഴാനുള്ള സൗകര്യം ഇവിടെ ഒരുക്കാറുണ്ട്.
മൂഴിക്കുളം ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ 8 മണി വരേയും ദര്‍ശനമുണ്ടാകും.
പായമ്മല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിവരേയും വൈകീട്ട് 4.30 മുതല്‍ 8 മണി വരേയും ദര്‍ശനമുണ്ടായിരിക്കും. തൃപ്രയാര്‍, പായമ്മല്‍ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക മാസം മുഴുവന്‍ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി അന്നദാനവും പതിവുണ്ട്.
തൃശൂരില്‍ നിന്നും 22 കി മീ തെക്കു പടിഞ്ഞാറായി ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയ പാതയ്ക്കു സമീപമാണ് തൃപ്രയാര്‍ ക്ഷേത്രം. അവിടെ നിന്നും 18 കി മി തെക്കു കിഴക്കായി ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യ ക്ഷേത്രവും ഇരിങ്ങാലക്കുട നിന്ന് ചേലൂര്‍ അരിപ്പാലം റോഡില്‍ എട്ടു കി മീ തെക്കുപടിഞ്ഞാറ് ഭാഗത്തായി പായമ്മല്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇരിങ്ങാലക്കുട അഷ്ടമിച്ചിറ അന്നമനട വഴി 30 കി മി യാത്ര ചെയ്താല്‍ മൂഴിക്കുളം ക്ഷേത്രത്തിലും എത്തിച്ചേരാം. ആലുവയില്‍ നിന്ന് 12 കി മീ വടക്കു പടിഞ്ഞാറ് മാറിയാണ്
മൂഴിക്കുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: