ന്യൂദൽഹി: നടുവേദനയെ തുടർന്ന് ദൽഹി എയിംസിൽ പ്രവേശിപ്പിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു. നടുവേദനയെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് സിംഗിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതി കൈവരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ രാജ്‌നാഥ് സിംഗ് തുടർച്ചയായി രണ്ടാം തവണയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തലവനാകുന്നത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ടേമിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1977-1980 ലും 2001-2003 ലും ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായി പ്രവർത്തിച്ചു. 1991 മുതൽ 1992 വരെ ഉത്തർപ്രദേശ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം, 1999 മുതൽ 2000 വരെ കേന്ദ്രമന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചു.
പിന്നീട് 2000-2002ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2003ൽ കേന്ദ്രമന്ത്രിസഭയിൽ കൃഷിമന്ത്രിയായി. 2009-ൽ 15-ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ഒക്‌ടോബർ 7-ന് എത്തിക്‌സ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: