പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.
“ഒരു അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു.
പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അങ്ങനെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി
വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നു. അതായത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നല്ല രീതിയിൽ എടുക്കുക എന്നതാണ് കാര്യം. തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റും. ആ ടൈമിംഗ് പ്രശ്നമാണ് എല്ലാത്തിനും കാരണം. ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ ശരിക്കും അടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ടൈമിംഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് ഞാനും അനുഭവിച്ചിട്ടുണ്ട്.” എന്നാണ് ഫ്ലവേഴ് ഒരു കോടി പരിപാടിയിലെത്തിയപ്പോൾ മഞ്ജു പങ്കുവെച്ചത്
എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടാതെ പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’, രജനികാന്ത്- ടിജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യൻ’ തുടങ്ങീ നിരവധി ഗംഭീര പ്രൊജക്ടുകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: