കേരളത്തില്‍ മഹാനദികളില്ലെങ്കിലും സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിലെ ജീവനാഡികളായ ഇത്തരം ജലാശയങ്ങളുടെ അവസ്ഥ ദയനീയമാണ്. ജലാശയങ്ങള്‍ വിഷലിപ്തമായി എന്നുകേള്‍ക്കുമ്പോള്‍ നാം അന്ധാളിപ്പിലാകേണ്ടതാണ്. പക്ഷേ അതുണ്ടാകുന്നുണ്ടോ?
ഇരുപതിനായിരം ചതുരശ്ര കിലോമീറ്ററില്‍ നീര്‍വാര്‍ച്ചാ പ്രദേശത്തുള്ള നദികളെയാണ് മഹാനദികളെന്നുപറയുന്നത്. കേരളത്തില്‍ അങ്ങനെയൊരു മഹാനദിയില്ല. വലിയ നദികളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയുന്ന നദികളില്‍ നമ്മുടെ പെരിയാര്‍, ഭാരതപ്പുഴ, പമ്പാനദി, ചാലിയാര്‍ എന്നിവയെപ്പെടുത്താം. ബാക്കിയുള്ളവയെല്ലാം ചെറുനദികളാണ്. 15 കിലോമീറ്ററിന് മുകളിലാണ് 44 നദികളുടേയും ദൈര്‍ഘ്യം.
കേരളത്തില്‍ ഏറ്റവും വലിയ നദി 244 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാറാണ്. ഏറ്റവും ചെറിയ നദി 16 കിലോമീറ്റര്‍ മാത്രമുള്ള മഞ്ചേശ്വരം പുഴയാണ്. 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നതാണ്. പല നിദികള്ക്കും പോഷകനദികളുണ്ട്. എല്ലാനദികളും പശ്ചിമഘട്ടങ്ങളില്‍ നിന്നും തുടങ്ങി അറബിക്കടലിലോ കേരളത്തിലെ കായലുകളിലോ ചെന്നുചേരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുഴകള്‍ അല്ലെങ്കില്‍ നീര്‍ച്ചാലുകള്‍ കുളിക്കാനും കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് നീര്‍ച്ചാലുകളുടെ കഥ ദയനീയമാണ്. നമ്മുടെ നാട്ടിലെ നദികളില്‍ പരമദയനീയമാണ് പലതും. കഴിഞ്ഞ വര്‍ഷം മലിനീകരണമായ അവസ്ഥയില്‍ കണ്ടെത്തിയത് കോഴിക്കോട്ടെ കല്ലായിപ്പുഴയാണ്. 130 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 103 ഇടങ്ങളിലെ വെള്ളം കുടിക്കാന്‍ പോയിട്ട് കുളിക്കാന്‍ പോലും കൊള്ളാത്തതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വെള്ളത്തിലെ ഓക്സിജന്റെ അളവ് അപകടകരമായ അവസ്ഥയിലാണ്.
കല്ലായിപ്പുഴയിലെ വിസര്‍ജ്യത്തിന്റെ അളവാണ് ദയനീയം. 100 മില്ലീലിറ്ററിന് അനുവദനീയമായ പരിധി 2500 ആയിരിക്കെ കല്ലായി പുഴയിലത് 4,10,000-4,80,000 വരെയാണെന്നാണ് നാഷണല്‍ വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാമിന്റെ വിലയിരുത്തല്‍. 2022 ല്‍ മലിനീകരണത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ കരമനയാര്‍ ഇന്ന് രണ്ടാം സ്ഥാനത്തായി. മലിനീകരണം രൂക്ഷമായ വേറെയും മൂന്നുനദികളുണ്ട്. മണിമലയാര്‍, കല്ലടയാര്‍, കടമ്പ്രയാര്‍ എന്നിവയും മലിനീകരണത്തില്‍ മത്സരിക്കുകയാണ്.
ജലസ്രോതസുകള്‍ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഇന്നലെ അങ്ങനെയായിരുന്നു. ഇന്നും നാളെയും അങ്ങനെയായിരിക്കേണ്ടതാണ്. ഇന്നുകാണുന്ന മനുഷ്യന് മലിനപ്പെടുത്താനുള്ളതല്ല ജലാശയങ്ങള്‍. മലയാളികളുടെ അഹങ്കാരത്തിലൊന്നാണ് നമുക്ക് ജലക്ഷാമമില്ലെന്നത്. ആവശ്യത്തിന് മഴ. അതിനേക്കാള്‍ സമ്പന്നമായ 44 നദികള്‍, കായലുകള്‍, നീര്‍ച്ചാലുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ഉണ്ടെന്നുള്ളത്. ആ അഹങ്കാരത്തിന് കത്തിവയ്ക്കുന്നതാണ് പുഴകളിലെ മലിനീകരണം. മാലിന്യം പേറുന്ന നദികള്‍ രോഗങ്ങളുടെ മൊത്തവ്യാപാരികളായി മാറുന്ന കാഴ്ചയാണെങ്ങും. അതില്‍നിന്നുള്ള മുക്തിയും സംരക്ഷണവും അനിവാര്യമാണ്. കേരളീയര്‍ അതിലെത്ര ബോധവാന്മാരാണെന്നതാണ് സംശയകരം. മാലിന്യങ്ങള്‍ തള്ളാനുള്ള വീപ്പകളാണ് നീര്‍ച്ചാലുകളും പുഴകളുമെന്നാണ് ധാരണ.
ഈ ധാരണയാണ് ബോധപൂര്‍വം മാറ്റേണ്ടത്. പുഴകളും നീര്‍ച്ചാലുകളും മാലിന്യമുക്തമാകണം എന്ന പൊതുധാരണയാണ് എങ്ങും ഉയരേണ്ടത്. കേരളത്തിലെമ്പാടും കിണറുകളുണ്ടായിരുന്നു. അവയെല്ലാം വെട്ടിമൂടാന്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ നിര്‍ബന്ധിച്ചു. പൊതുശുദ്ധജലവിതരണ പദ്ധതി സര്‍ക്കാര്‍ ഉറപ്പും നല്‍കിയിരുന്നതാണ്. അതനുസരിച്ച് പൊതുജനം കിണറുകള്‍ മാറ്റി. ഇപ്പോള്‍ കുടിവെള്ളത്തിനായി ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടഗതികേടിലാണ്. അങ്ങനെയിരിക്കെയാണ് പൊതു നദികളും പുഴകളും മലിനമായിക്കിടക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.
ഉത്തരേന്ത്യയിലെ മഹാനദികളിലെ മാലിന്യത്തെക്കുറിച്ച് വാചാലരാവുന്നവരാണ് മലയാളികള്‍. ഗംഗയും യമുനയും കുടിക്കാനോ കുളിക്കാനോ പോലും പറ്റാത്ത വെള്ളം പേറുന്നവരാണെന്ന പേരുദോഷം പേറിയ നദികള്‍. ആ പേരുദോഷം മാറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അക്ഷീണപരിശ്രമം തന്നെ നടത്തി. ഗംഗാശുദ്ധീകരണ പദ്ധതിയെ പരാജയപ്പെടുത്താനും പരിഹസിക്കാനും വരെ ആളുണ്ടായി. എന്നാലിന്ന് ഗംഗാശുദ്ധീകരണം വിജയകരമായാണ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപ മുടക്കി അതിനായി മന്ത്രാലയം തന്നെ അധ്വാനിക്കുന്നു. ഗംഗയില്‍ ഒഴുകി നടക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ ഇന്നില്ല. മാലിന്യങ്ങള്‍ തള്ളുന്ന ഏര്‍പ്പാടും മതിയാക്കി. ഇല്ലാത്ത സമ്പത്തിന്റെ വല്ലാത്ത കഥ പറയുന്ന കേരളം പൊതു ഖജനാവില്‍ നിന്ന് ഇതിനായി പത്തുപൈസ ചെലവാക്കുമെന്ന് പ്രതീക്ഷിക്കാന്‍ വഴിയില്ല. മലയാളിക്ക് വേണമെങ്കില്‍ പുതിയൊരു ജല സംസ്കാരം ഉയര്ത്തിയെടുക്കണം. നമ്മുടെ നദി നമുക്ക് തന്നെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: