തിരുവനന്തപുരം: പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഫണ്ട് വിദ്യാഭ്യാസ വകുപ്പ് വക മാറ്റിയെന്ന് സിഎജി കണ്ടെത്തല്‍. ഓഫീസിലേക്ക് കാര്‍ വാങ്ങാനും
ശമ്പളം നല്കാനുമായി ഫണ്ടുകള്‍ വകമാറ്റി. 2017- 18 മുതല്‍ 2021- 22 വരെയുള്ള കാലയളവിലേതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഓഫീസിന്റെ ഉപയോഗത്തിനായി പുതിയ രണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ 2019 ല്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് 40.28 ലക്ഷം രൂപ ചെലവഴിച്ചു. സ്കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് കാറുകള്‍ വാങ്ങിയതെന്നാണ് വിശദീകരണം.
2019 സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കായി 10.58 ലക്ഷവും ചെലവഴിച്ചു. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താനും എസി, ഐ പാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങാനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി. അതേസമയം 2017-18 മുതല്‍ 2021- 22 കാലയളവില്‍ മറ്റ് ചെലവുകള്‍ക്കായി സ്കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് 3.47 കോടി രൂപ അഡ്വാന്‍സെടുക്കാന്‍ ഡിജിഇ അനുമതി നല്കി. എന്നാല്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഓഡിറ്റിങ്ങില്‍ കണ്ടെത്തി. 2021 ജനുവരിയില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിന് അഡ്വാ
ന്‍സായി നല്കിയ 42.50 ലക്ഷം ഇനിയും തിരിച്ചടച്ചിട്ടില്ല.
ക്ലാര്‍ക്ക് മുതല്‍ ഡിജിഇ വരെയുള്ള സ്ഥിര ജീവനക്കാര്‍ക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പുറമേ, പ്രത്യേക പ്രതിഫലമായി 5.06 ലക്ഷം രൂപ സ്കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് നല്കി. ഇതിനൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങിയിട്ടില്ല. എന്നാല്‍ 2023 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ഭരണച്ചെലവിന് ഉപയോഗിച്ചിട്ടില്ലെന്നും തുക സ്കോളര്‍ഷിപ്പ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ്. എന്നാല്‍ കാറുകള്‍ വാങ്ങിയത് സ്കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണെന്നാണ് വിശദീകരണം. സംസ്ഥാന നോഡല്‍ ഓഫീസറും സര്‍ക്കാരും വിരുദ്ധമായാണ് മറുപടി നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റു കണ്ടെത്തലുകള്‍
2017- 22 കാലയളവില്‍ പട്ടികജാതി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഒരു സര്‍വേയും നടത്തിയില്ല.
2017- 18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്തുശതമാനത്തിനും 2020-21 ല്‍ പ്രവേശനം നേടിയ 4.12 ലക്ഷത്തില്‍ 12 ശതമാനത്തിനും ലംപ്സം ഗ്രാന്റ് ലഭിച്ചില്ല.
കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ വിദ്യാലയ വികാസ് നിധിയുടെ വര്‍ധിപ്പിച്ച നിരക്കിലേക്കടച്ച 3.60 കോടി രൂപ തിരിച്ചുനല്‍കിയില്ല.
ഇ ഗ്രാന്റ് രജിസ്ട്രേഷന് ഇല്ലാത്തതിനാല്‍ 23,138 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടമായി.
ജില്ലകളില്‍ ഇ ഗ്രാന്റ് വിതരണത്തില്‍ അഞ്ചുവര്‍ഷം വരെ കാലതാമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: