Kerala

മാന്നാര്‍ കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഒഴിഞ്ഞു

Published by

മാന്നാര്‍: യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് ചെങ്ങന്നൂര്‍ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഇക്കാര്യം അറിയിച്ചു. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ നല്‍കാനിരുന്ന സന്ദര്‍ഭത്തിലാണ് അഭിഭാഷകന്റെ പിന്മാറ്റം.

സിപിഎമ്മിന്റെ ബുധനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ അഭിഭാഷകന്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദമാണ് ഇതിന് കാരണമായതെന്ന് അറിയുന്നു. പ്രതികളുടെ ഭാഗത്തു നിന്നും പുതിയ അഭിഭാഷകന്‍ വരുന്നത് വരെ ഇനി ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയേക്കും. പ്രതികള്‍ക്കെതിരെ ശക്തമായ വികാരമാണ് പ്രാദേശിക തലത്തില്‍ ഉള്ളതെന്ന റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം മേല്‍ഘടകത്തില്‍ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജനവികാരം പ്രതികൂലമായി തീരുമെന്ന് കണ്ടാണ് അഭിഭാഷകനെ പിന്തിരിപ്പിച്ചത്.

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രണ്ടാം പ്രതി ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ആര്‍. സോമരാജന്‍ (56), കണ്ണമ്പള്ളില്‍ കെ.സി. പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരാണ് ജയിലിലുള്ളത്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് രണ്ടു മുതല്‍ നാലു വരെ പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍ വെച്ചു കൊന്ന് കുഴിച്ചുമൂടി എന്നാണ് നിഗമനം. യുവതിയെ 15 വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by