ദുബായ് : ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് യു എ ഇ ഉപരാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിക്ഷേപവും സാമ്പത്തിക അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ദുബായിയുടെ നയങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം. ഇത് ദുബായ് സാമ്പത്തിക അജണ്ടയായ D33 മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നു.
ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഏറ്റവും വലിയ വിപണി സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പങ്കാളിത്ത കരാറിൽ ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായവും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രിയും ഒപ്പുവച്ചു.
അതേ സമയം വാണിജ്യ രംഗത്ത് ആകമാനം യുഎഇ വൻ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ വർഷം വിദേശ നിക്ഷേപ രംഗത്ത് യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യു എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD) പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് റിപ്പോർട്ട് 2024 അനുസരിച്ചാണിത്.
2023-ൽ 1323 ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പദ്ധതികളോടെയാണ് യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 2022-നെ അപേക്ഷിച്ച് വിദേശ നിക്ഷേപ രംഗത്ത് യു എ ഇ 33 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
2023-ൽ 30.688 ബില്യൺ യുഎസ് ഡോളറാണ് യുഎഇ കൈവരിച്ചിട്ടുള്ള വിദേശ നിക്ഷേപം. 2022-ൽ ഇത് 22.737 ബില്യൺ ഡോളറായിരുന്നു (35 ശതമാനം വളർച്ച).
പ്രതികരിക്കാൻ ഇവിടെ എഴുതുക: