അമ്പതുവര്‍ഷംമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ‘ആഘോഷി’ച്ചത് രാജ്യം അനുസ്മരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചരിത്രത്തിന്റെ അലമാരകളില്‍നിന്ന് അസ്ഥികൂടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തേക്കെടുക്കുക കൂടിയാണ്. ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പും ഭരണഘടനയുടെ കഴുത്തിറുക്കലും നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയേയും അവരെ പിന്തുണയ്ക്കുന്നവരേയും പുതിയ തലമുറയ്ക്കുമുന്നില്‍ നിര്‍ത്താന്‍ അവസരമൊരുക്കുകയാണ്.
1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയായിരുന്നു അത് സംഭവിച്ചത്; ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രക്രിയയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് അലഹബാദ് ഹൈക്കോടതി, 1971ല്‍ ഇന്ദിര വിജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കി, ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളില്‍ വിലക്കും പ്രഖ്യാപിച്ചു. അതിനെ മറികടക്കാനായിരുന്നു ഭരണഘടനയെ ദുരുപയോഗിച്ച്, ഭരണഘടനതന്നെ റദ്ദാക്കിയുള്ള തീരുമാനം അവര്‍ കൈക്കൊണ്ടത്. ഒരു ഏകാധിപതി, സ്വേച്ഛാധിപതികൂടിയായി, അവരില്‍ അധികാരക്കൊതികൂടി ആവേശിച്ചപ്പോഴുണ്ടായ ചരിത്രപരമായ ദുരന്തമായിരുന്നു അത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിനെ, നിയമം വ്യാഖ്യാനിക്കുന്ന സുപ്രീംകോടതിയെ, രാജ്യവികസനത്തിന്റെ ആധാരമായ ഭരണ നിര്‍വഹണ സംവിധാനത്തെ ജനാധിപത്യത്തിന്റെ നാലാംതൂണായ വാര്‍ത്താ മാധ്യമങ്ങളെ, അങ്ങനെ ഭരണഘടനയെ ആകെത്തന്നെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, അവരുടെയും പാര്‍ട്ടിയുടെയും കൈയാളായി നിന്ന രാഷ്ട്രപതിയിലൂടെ മരവിപ്പിച്ചുകളഞ്ഞു.
പ്രതിപക്ഷത്തെയല്ല, എതിര്പക്ഷത്തെയാകെ അവര്‍ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്പാര്ട്ടിയല്ലാത്ത രാഷ്ട്രീയ സ്വയംസേവക സംഘത്തെയാണ് ആദ്യം ഇന്ദിര നിരോധിച്ചത്. ജൂലൈ നാലിനായിരുന്നു നിരോധിച്ചത്. ആര്‍എസ്എസ് സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിനെ പക്ഷേ ജൂണ്‍30 നുതന്നെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാഭരണത്തിലെ അഴിമതിക്കെതിരേ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം സ്വേച്ഛാഭരണത്തിന് ഭീഷണിയാകുന്നത് ഇന്ദിര മനസിലാക്കിയിരുന്നു; അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികളേയും. പിന്നാലെ എതിര്‍പക്ഷ കക്ഷികളെ. നേതാക്കളെ കരുതല്‍ തടങ്കലുകളിലാക്കി. എതിര്‍ത്ത അണികളെ അടിച്ചമര്‍ത്തി, ജയിലിലാക്കി, അവിടെയും തല്ലിയൊതുക്കി. ഒളിവില്‍പോയി ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ പിടിക്കാനുള്ള രഹസ്യം ചോര്‍ത്താനായിരുന്നു മര്‍ദ്ദനം; വിഫലമായ ശ്രമങ്ങള്‍. ‘ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുംവരെ സംഘ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല’ എന്ന സര്‍സംഘചാലകന്റെ വാക്കുകള്‍ കേട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന് നല്കാന് തയാറായി ഇറങ്ങിയപ്പോള്‍ മര്‍ദ്ദന യന്ത്രങ്ങളായ പോലീസ് സേനയും നിസഹായമായി.
കോണ്‍ഗ്രസുകാര്‍ രാജ്യവ്യാപകമായി ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകരെ ഒറ്റുകൊടുത്തു. തുടക്കത്തില്‍ സമരമുഖത്ത് ചെറുക്കാനിറങ്ങിയ കമ്യൂണിസ്റ്റുകള്‍ ഇന്ദിരയുടെ സ്തുതിപാടി. സിപിഐക്കാര്‍ കോണ്‍ഗ്രസിന്റെ വലംകൈയായി. അറസ്റ്റിലായ സിപിഎമ്മുകള്‍ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ മോചിതരായി. മാധ്യമങ്ങളുടെ വായടപ്പിച്ചു. ജന്മഭൂമി ഉള്‍പ്പെടെ പല പത്രങ്ങള്‍ അടച്ചുപൂട്ടി. ജന്മഭൂമി പത്രാധിപര്‍, മാനേജര്‍, ലേഖകര്‍ ജയിലിലായി. പക്ഷേ ‘കുരുക്ഷേത്ര’വും ‘സുദര്‍ശന’വും വഴി ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തി. സംഘടനാ പ്രവര്‍ത്തനം സജീവമായി നടന്നു. കേരളത്തിലായിരുന്നു ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് സഹന സമരം ഏറെ നടന്നത്. അന്ന് അടിയും ഇടിയും അസാധാരണ ലോക്കപ്- ജയില്‍ ശിക്ഷകള്‍ അനുഭവിച്ച പലരും ഇന്നില്ല. ചിലര്‍ ജീവച്ഛവങ്ങളാണ്. അന്തരിച്ച വൈക്കം ഗോപകുമാറിനെപ്പോലുള്ള ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും അനുഭവിച്ച കൊടിയ പീഡനങ്ങള്‍ വിവരണാതീതം. കൈക്കുഞ്ഞുങ്ങളുമായി സമരത്തിന് തെരുവിലറിങ്ങിയ അമ്മമാര്‍, സഹോദിമാര്‍, വിദ്യാര്‍ത്ഥികള്‍, അതിസാധാരണക്കാര്‍ എന്നിങ്ങനെ വന്‍ നിരയുണ്ടായി രാജ്യമെമ്പാടും. അത്തരം സമരങ്ങളില്‍ പങ്കെടുത്തവര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ നിര്ജീവമാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ‘ഭരണഘടനാ ഹത്യ ദിനം ആചരിക്കല്‍.’ നുണപ്രചാരണങ്ങളും ദുരാരോപണങ്ങളും ഉയര്‍ത്തിയ കോണ്‍ഗ്രസ്, അവരുടെ ദുഷ്ചെയ്തിക്ക് തക്ക ശിക്ഷ സ്വയം ഏറ്റെടുക്കുകയായിരുന്നു. അടിയന്തരാവസ്ഥ സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന സ്വാതന്ത്ര്യ സമരമായി പുതിയ തലമുറയും തിരിച്ചറിയാന്‍ ഇടവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: