കോട്ടയം: പോലീസ് സേനയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നും ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചുവെന്നും വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സൂചന. പോലീസ് സേനയില്‍ അടുത്തകാലത്ത് ഉണ്ടായ ചില ആത്മഹത്യകളെയും ആത്മഹത്യാശ്രമങ്ങളെയും മറ്റും പര്‍വ്വതീകരിച്ച് കാണിക്കാനും ഇതുവഴി സേനാംഗങ്ങളുടെ മനോവീര്യം കെടുത്താനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. പുതുതായി സേനയില്‍ ചേരുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുംവിധമാണ് പ്രചാരണം.
ഏത് ജോലിക്കും അതിന്റെതായ മാനസിക സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമാണ്. സൈന്യം മുതല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് വരെ ഉത്തരവാദിത്വമുള്ള എല്ലാ തൊഴില്‍ മേഖലയിലും പ്രശ്നങ്ങളുണ്ട്. വില്ലേജ് ഓഫീസര്‍മാരും ബാങ്ക് ജീവനക്കാരും വരെ പലവിധ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നു. സ്വകാര്യ മേഖലയിലാണെങ്കില്‍ പതിന്മടങ്ങാണ് മാനസിക സമ്മര്‍ദ്ദം. ഇതൊന്നും പുറത്തുകാട്ടാന്‍ ആവാതെ ജീവിക്കുന്ന ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്.
മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഏതു തൊഴിലെടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം സ്വാഭാവികമാണ്. മത്സരാധിഷ്ഠിതമായ പുതിയ ലോകക്രമവും പൊതുജനങ്ങളുടെ സമീപനങ്ങളിലുണ്ടായ മാറ്റവുമടക്കം പല കാരണങ്ങള്‍ അതിനു ചൂണ്ടിക്കാട്ടാനാവും.
ഈ സാഹചര്യത്തിലാണ് കേരള പോലീസില്‍ മാത്രം ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും ആത്മഹത്യാ പ്രവണത കൂടി വരികയാണെന്നും മറ്റും കൃത്രിമ സര്‍വ്വേകള്‍ നടത്തിയും പരമ്പരകള്‍ പ്രസിദ്ധീകരിച്ചും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
സേനാംഗങ്ങളെ മാനസികമായി കീഴടക്കുകയും അതുവഴി കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢാലോചന ഇക്കാര്യത്തിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.
പൊതുവില്‍ സവിശേഷ അധികാരമുള്ള സേനയാണ് പോലീസ്. മറ്റ് വിഭാഗങ്ങള്‍ക്കൊന്നും ഇല്ലാത്ത അറസ്റ്റ് അധികാരം വരെ പോലീസിനുണ്ട് . മറ്റ് വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായമായി പോകുന്ന സാഹചര്യങ്ങളില്‍ തങ്ങളുടെ സവിശേഷ അധികാരം വഴി നേരിട്ട് നടപടിയെടുക്കാന്‍ പോലീസിനു കഴിയും. പോലീസ് സേനയുടെ പ്രവര്‍ത്തനരീതിക്ക് അനുസൃതമായ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതും. ഏത് പ്രതിസന്ധിയും നേരിടാനും അടിയന്തരഘട്ടങ്ങളെ അതിജീവിക്കാനുമുള്ള കഠിന പരിശീലനം നല്‍കിയാണ് സേനാംഗങ്ങളെ സര്‍വീസില്‍ പ്രവേശിപ്പിക്കുന്നത്. ഇതൊക്കെ മറച്ചു വച്ചിട്ടാണ് ചില ദുര്‍ബല ചിത്തരുടെ ആത്മഹത്യാശ്രമങ്ങള്‍ മുന്‍നിറുത്തി പോലീസ് സേനയുടെ മാനസിക നിലതെറ്റുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: